സ്ത്രീകൾക്ക് സുരക്ഷിത ഇടം; സംസ്ഥാനത്ത് 10 വർക്കിങ് വിമൻസ് ഹോസ്റ്റൽ വരുന്നു
text_fieldsതിരുവനന്തപുരം: ജോലിക്കാരായ സ്ത്രീകൾക്ക് സുരക്ഷിത താമസത്തിനായി വനിത-ശിശു വികസന വകുപ്പ് വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു. സംസ്ഥാനത്ത് 120 കോടി രൂപ ചെലവിൽ 10 ഹോസ്റ്റലുകൾ നിർമിക്കാനാണ് പദ്ധതി. ഇതിൽ ആറെണ്ണത്തിന്റെ വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കി ഹോസ്റ്റലുകളുടെ വർക്ക് ഓർഡർ ഉടൻ നൽകും. 2026 അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ഇടുക്കിയിലും ആലപ്പുഴയിലും രണ്ടെണ്ണം വീതവും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് നിർമിക്കുക. ആകെ 633 കിടക്കകളാണ് ഹോസ്റ്റലുകളിലുണ്ടാവുക. പത്തിൽ എട്ടെണ്ണം ഹോസ്റ്റലും രണ്ടെണ്ണം ഫ്ലാറ്റുമാണ്. തൃശൂർ മുളങ്കുന്നത്തുകാവിലും കോട്ടയം ഗാന്ധിനഗറിലുമാണ് സിംഗിൾ ബെഡ് റൂം, ഹാൾ, അടുക്കള സൗകര്യങ്ങളുള്ള ഫ്ലാറ്റുകൾ ഒരുക്കുക.
50 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ സംസ്ഥാന സർക്കാറിന് കേന്ദ്ര സർക്കാർ എസ്.എ.എസ്.സി.ഐ ഫണ്ടിൽനിന്ന് വായ്പ നൽകുന്ന തുകയാണ് പദ്ധതിക്കായി വിനിയോഗിക്കുക. ആദ്യ ഗഡുവായി 79.20 കോടി രൂപ ലഭിച്ചു. ഇത്തരം ഒരു പദ്ധതിക്കായി രാജ്യത്ത് ആദ്യം ആവശ്യമുന്നയിച്ചത് കേരളമാണെന്ന് വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ പറഞ്ഞു. ഏഴ് ഹോസ്റ്റലുകളുടെ നിർമാണച്ചുമതല ഹൗസിങ് ബോർഡിനും മൂന്നെണ്ണത്തിന്റെ ചുമതല വനിത വികസന കോർപറേഷനുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.