സഫീറിന്‍റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പിതാവ്
text_fieldsപാലക്കാട്: മണ്ണാർക്കാെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിേൻറത് രാഷ്ട്രീയ കൊലപാതകമാണെന്ന് പിതാവും മണ്ണാർക്കാട് നഗരസഭ കൗൺസിലറുമായ സിറാജുദ്ദീൻ. സി.പി.ഐ ഗുണ്ടാസംഘമാണ് കൊലപ്പെടുത്തിയത്. സി.പി.ഐയുടെ വളർച്ചക്ക് താനും മകനും തടസ്സമാകുമെന്ന് കണ്ടാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമല്ലെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. കൊലക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന് താൻ പറഞ്ഞെന്ന രീതിയിലുള്ള വിഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്. അത് അവാസ്തവമാണ്. പറഞ്ഞ മുഴുവൻ കാര്യങ്ങളും പ്രചരിക്കുന്ന വിഡിയോയിൽ ഇല്ലെന്നും സിറാജുദ്ദീൻ കുറ്റപ്പെടുത്തി.
സി.പി.ഐക്കാരുടെ താവളമായ കുന്തിപ്പുഴയിലെ മത്സ്യമാർക്കറ്റ് പൂട്ടാൻ നഗരസഭ കൗൺസിലർ എന്ന നിലയിൽ ജനങ്ങളോടൊപ്പം ഞാനും ശ്രമിച്ചിട്ടുണ്ട്. യൂത്ത് ലീഗ് പ്രവർത്തകൻ എന്ന നിലയിൽ സഫീറും ഇതിലുണ്ടായിരുന്നു. ഇതിെൻറ പകപോക്കലാണ് കൊലപാതകത്തിൽ കലാശിച്ചത്. കുടുംബത്തിനുനേരെ മുമ്പും അക്രമമുണ്ടായിട്ടുണ്ട്. സഫീറിനായി ഖബറൊരുക്കിവെക്കാൻ വാപ്പാനോട് പറയണമെന്ന് മൂത്തമകനോട് കേസിലെ പ്രതികൾ മുമ്പ് പറഞ്ഞിരുന്നതായും സിറാജുദ്ദീൻ ആരോപിച്ചു.
കുന്തിപ്പുഴ മത്സ്യമാർക്കറ്റിലും മറ്റിടങ്ങളിലും സഫീറിനെ കൊലപ്പെടുത്താൻ ഗൂഢാലോചനയോഗം ചേർന്നിട്ടുണ്ട്. പ്രാദേശികനേതാക്കൾ അതിൽ പങ്കെടുത്തിട്ടുണ്ട്. മകെൻറ മരണശേഷം കുടുംബത്തിനും തനിക്കും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.