പ്രേംകുമാറിനോട് അനിഷ്ടമെന്ന വാദം തെറ്റെന്ന് മന്ത്രി സജി ചെറിയാൻ
text_fieldsസജി ചെറിയാൻ, പ്രേംകുമാർ
തൃശൂർ: ആശ സമരത്തെ പ്രകീർത്തിച്ചതിന്റെ പേരിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരുന്ന നടൻ പ്രേംകുമാറിനോട് അനിഷ്ടമെന്ന വാദം ശരിയല്ലെന്ന് മന്ത്രി സജി ചെറിയാൻ. കാലാവധി തീർന്നപ്പോഴാണ് ചലച്ചിത്ര അക്കാദമി ഭാരവാഹികളെ മാറ്റിയത്. ആശ സമരത്തിന്റെ പേരിൽ സംസാരിച്ചുവെന്നത് താൻ അറിഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് ഇക്കാര്യം പറയുന്നത്.
നല്ലൊരു ക്രിസ്റ്റൽ ക്ലിയർ ഇടതുപക്ഷ പ്രവർത്തകനായ അദ്ദേഹം ഇന്നുവരെ ഒരു ഇടതുപക്ഷ വിരുദ്ധ പരാമർശവും നടത്തിയിട്ടില്ല. നല്ല പരിഗണനയാണ് സർക്കാറും പാർട്ടിയും അദ്ദേഹത്തിന് നൽകിയത്. നൽകിയ സ്ഥാനത്ത് മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. അദ്ദേഹത്തിനെ സ്നേഹിച്ചാണ് കൂടെ നിർത്തിയത്. താൻ കൂടെ ഇരുത്തിയാണ് അദ്ദേഹത്തെ കുറിച്ചുള്ള നല്ലകാര്യങ്ങൾ സംസാരിച്ചത്. അദ്ദേഹത്തിന് ഒരു പ്രയാസവും ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘അവരുടെ കാലാവധി കഴഞ്ഞു. അപ്പോള്‍ സ്വാഭാവികമായും പുതിയ ഭാരവാഹികളെ തീരുമാനിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. അത് തീരുമാനിച്ചു, ഉത്തരവ് പുറപ്പെടുവിച്ചു എന്നതിനപ്പുറത്തേക്ക് അതിശയപരമായി ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ വിദേശത്തായിരുന്നു. പ്രേംകുമാറിനോട് പറയേണ്ട ഉത്തരവാദിത്തം അക്കാദമി ഭാരവാഹികള്‍ക്കാണ്. പറഞ്ഞുകാണുമെന്നാണ് ഞാന്‍ വിശ്വസിച്ചത്. അത് ഞാന്‍ തിരക്കിയില്ല’ -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

