സാലറി ചലഞ്ച് ഉത്തരവിറങ്ങി; കുറഞ്ഞത് അഞ്ചു ദിവസത്തെ ശമ്പളം
text_fieldsതിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർക്ക് സാലറി ചാലഞ്ച്. ഇതുസംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവിറങ്ങി. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളമാണ് ഈടാക്കുന്നത്. കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അവസരമുണ്ട്. മേലധികാരിക്ക് സമ്മതപത്രം നൽകുന്നവരുടെ ശമ്പളം സ്പാർക്കിൽ ക്രമീകരണം വരുത്തി ഈടാക്കുന്നതാണ് രീതി.
ഒറ്റത്തവണ ആയോ മൂന്ന് തവണ ആയോ നൽകാം. ഇങ്ങനെ ഒടുക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ഒരു ട്രഷറി അക്കൗണ്ടിലേക്ക് വരവ് ചെയ്യും. ശമ്പളത്തുക കണക്കാക്കുന്നത് 2024 ആഗസ്റ്റിലെ മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. ഈ തുകയുടെ മുപ്പതിലൊന്നായി ഒരുദിവസത്തെ ശമ്പളത്തുക കണക്കാക്കും. സി.എം.ഡി.ആർ.എഫിലേക്ക് സംഭാവനയായി നൽകുന്ന തുക 2024 സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റിലെ ശമ്പളം മുതൽ കുറവ് ചെയ്യും.
ജീവനക്കാർക്ക് തങ്ങളുടെ പ്രോവിഡന്റ് ഫണ്ടിൽ നിന്നും സി.എം.ഡി.ആർ.എഫിലേക്ക് തുക അടയ്ക്കാം. ഇതിനുള്ള അപേക്ഷ പ്രത്യേകമായി നൽകണം. ശമ്പളത്തിൽ നിന്നും ഗഡുക്കൾ പിടിക്കുന്നത് അവസാനിക്കുന്നതുവരെ ജി.പി.എഫ്, ടി.എ തിരിച്ചടവ്, ജീവനക്കാരൻ ആവശ്യപ്പെടുന്ന പക്ഷം മരവിപ്പിക്കും. അഞ്ചു ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യാൻ സന്നദ്ധരാകുന്നവർക്ക് ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തിൽ 10 ഗഡുക്കൾ വരെ അനുവദിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.