സാലറി ചലഞ്ച് വിധി: സര്‍ക്കാറിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ എടുത്ത് കളഞ്ഞ ഹൈകോടതിയുടെ നടപടി സുപ്രീംകോടതി ശരിവെച്ചത് സര്‍ക്കാറിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ വന്‍തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈകോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സുപ്രീംകോടതിയിലെ നിയമയുദ്ധത്തിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നും കോടതി ചെലവിനുള്ള തുക ഈടാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വടി കൊടുത്ത് അടിവാങ്ങുന്നത് പോലെ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണിത്. സംഭാവന നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നു പറയുന്നതു ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഇതിനകം വാങ്ങിയ വിസമ്മതപത്രം തിരികെ നല്‍കണം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ പൊതുജനമധ്യത്തില്‍ അവഹേളിക്കാന്‍ ശ്രമിച്ച ധനമന്ത്രി ഡോ. തോമസ് ഐസക്ക് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനായി ഒറ്റക്കെട്ടായി നിന്ന ജനതയെ രണ്ടാക്കാന്‍ മാത്രമാണ് സാലറി ചലഞ്ച് കൊണ്ട് കഴിഞ്ഞത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അന്തസും അഭിമാനവും സാമ്പത്തിക ഭദ്രതയും നിലനിര്‍ത്തി കൊണ്ട് തുക സംഭാവന ചെയ്യാന്‍ ഉതകുന്ന തരത്തില്‍ ഉത്തരവ് മാറ്റി എഴുതണം.
പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നു സുപ്രീംകോടതി തന്നെ നിരീക്ഷിച്ച സാഹചര്യത്തില്‍ പ്രത്യേക അക്കൗണ്ട് വേണമെന്ന യു.ഡി.എഫ് ആവശ്യത്തിന് പ്രസക്തി വർധിച്ചു. പിടിവാശി ഉപേക്ഷിച്ച് പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും ചെന്നിത്തല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.