മുഖ്യമന്ത്രിയുടെ ഉറപ്പ്; ശമ്പള പരിഷ്കരണം വൈകില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം വൈകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എപ്പോഴാണോ ഇക്കാര്യത്തിൽ തീരുമാനം വരേണ്ടത് അപ്പോൾ ഉണ്ടാകുമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരോദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
ശമ്പള പരിഷ്കരണം പത്ത് വർഷത്തിലൊരിക്കലെന്ന് കേന്ദ്രം നിലപാടെടുത്തപ്പോൾ അഞ്ച് വർഷത്തിലൊരിക്കൽ ശമ്പള കമീഷൻ എന്ന നയമാണ് സംസ്ഥാനം സ്വീകരിച്ചത്. ജീവനക്കാരുടെ ഡി.എ കൊടുത്തുതീർക്കാൻ നടപടി സ്വീകരിക്കും. ഇക്കാര്യങ്ങളിൽ പറഞ്ഞ വാക്കിന് മാറ്റമുണ്ടാവില്ലെന്ന് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എട്ടാം ശമ്പള കമീഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കാൻ എട്ടാം ശമ്പള കമീഷന്‍ രൂപവത്കരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ചെയർമാനെയും രണ്ട് കമീഷൻ അംഗങ്ങളെയും ഉടൻ നിയമിക്കുമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
നിലവിലുള്ള ഏഴാം ശമ്പള കമീഷെന്റ കാലാവധി 2026 വരെ നിലനിൽക്കെയാണ് കേന്ദ്രസർക്കാർ നടപടി. കേന്ദ്ര ബജറ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള നീക്കം. അതേസമയം നിലവിലെ കമീഷന്റെ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ എട്ടാം ശമ്പള കമീഷന്റെ ശിപാർശ ലഭിക്കുന്നതിനാണ് ഈ വർഷംതന്നെ പുതിയ കമീഷനെ നിയമിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. 2014ൽ നിയമിച്ച ഏഴാം ശമ്പള കമീഷന്റെ ശിപാർശകൾ 2016 ജനുവരി ഒന്നിനാണ് നടപ്പാക്കിയത്. 49 ലക്ഷത്തിലേറെ കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാരുമാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.