വരൂ, അവരുടെ ചെവിയിൽ സന്തോഷം പകരാൻ
text_fieldsകൽപറ്റ: ഫോണിൽ വെറുതെ കളയുന്ന സമയം, ഒറ്റപ്പെടലിന്റെ വേദനയനുഭവിക്കുന്ന മുതിർന്ന പൗരൻമാർക്ക് സാന്ത്വനമാകുന്ന പദ്ധതിയുടെ ഭാഗമാകാൻ അവസരം. സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ പദ്ധതിയാണ് സംഭവം. വീടകങ്ങളിലും മറ്റും ഒറ്റപ്പെട്ടുപോയ വയോധികരെ ഫോണിൽ വിളിച്ച് കുശലാന്വേഷണം നടത്തുകയാണ് പണി. വെറുതെ വേണ്ട, സിം കാർഡും റീ ചാർജ് ചെയ്യാനുള്ള പണവും നൽകും. വകുപ്പിന്റെ ‘സല്ലാപം പദ്ധതി’യിലേക്ക് എം.എസ്.ഡബ്ല്യു വിദ്യാർഥികൾ കോളജ് പ്രിൻസിപ്പൽ വഴിയാണ് അപേക്ഷിക്കേണ്ടത്. 60 വയസ്സു കഴിഞ്ഞവരുടെ ഏകാന്തതക്ക് പരിഹാരം കാണുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യം.
വിദ്യാർഥികൾക്ക് പരിശീലനം നൽകി പാനൽ രൂപവത്കരിക്കും. അതത് പൊലീസ് സ്റ്റേഷനുകൾ തയാറാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള ഒറ്റപ്പെട്ട വയോധികർ, സാമൂഹിക നീതി വകുപ്പിന്റെ 14567 ഹെൽപ് ലൈനിലൂടെ സഹായം തേടിയവർ തുടങ്ങിയവരെയാണ് ടെലിഫോൺ സുഹൃത്തുക്കളായ വിദ്യാർഥികൾ വിളിക്കുക. നിശ്ചിത ഇടവേളകളിൽ ഇവരെ വിളിച്ച് സുഖവിവരങ്ങൾ തേടുകയും വിഷമങ്ങൾ കേൾക്കുകയും ആവശ്യങ്ങൾ അറിയുകയും വേണം. പദ്ധതിയിൽ ചേരുന്ന വിദ്യാർഥികൾക്ക് സാമൂഹിക നീതി വകുപ്പ് സാക്ഷ്യപത്രവും നൽകും. വിവരങ്ങൾ 0471-2306040 എന്ന നമ്പറിൽ ലഭ്യമാണ്.
പലവിധ കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ കൈപിടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വയോധികരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവ എത്തിച്ചുനൽകും. വകുപ്പിന്റെ പുതിയ പദ്ധതിയായ ‘സല്ലാപം’ ജൂലൈ 15ന് മന്ത്രി ആർ. ബിന്ദു തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.