Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പലർക്കും വൈഫ്...

‘പലർക്കും വൈഫ് ഇൻചാർജുമാർ ഉണ്ട്’; ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എതിരെ സമസ്ത നേതാവ്

text_fields
bookmark_border
Bahauddeen Nadwi
cancel
camera_alt

ഡോ. ബഹാവുദ്ദീൻ നദ് വി

കോഴിക്കോട്: ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എതിരെ വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി. പലർക്കും വൈഫ് ഇൻചാർജുമാർ ഉണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാരത്വത്തെ എതിർക്കുന്നതെന്നും ബഹാഉദ്ദീൻ നദ്‍വി വ്യക്തമാക്കി. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രൂക്ഷ വിമർശനം.

ഇ.എം.എസിന്‍റെ മാതാവിന്‍റെ വിവാഹം നടന്നപ്പോൾ പ്രായം 11 വയസ് ആയിരുന്നു. 11-ാം വയസിൽ വിവാഹം നടന്നതിന്‍റെ പേരിൽ ഇ.എം.എസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും ബഹാവുദ്ദീൻ നദ്‍വി ചോദിച്ചു.

'ഇ.എം.എസിന്‍റെ മാതാവിനെ കെട്ടിച്ചപ്പോൾ, മാതാവിന്‍റെ പ്രായം 11 വയസ്. ഇ.എം.എസിന്‍റെ ഉമ്മായെ 11 വയസിൽ കെട്ടിച്ചതിന്‍റെ പേരിൽ അദ്ദേഹത്തെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ. ചെയ്യാറില്ല, അങ്ങനെ ചെയ്യാൻ പാടില്ല. അത് അക്കാലത്തെ രീതിയാണ്. ആ ഒരു നമ്പൂതിരി മാത്രമല്ല, മറ്റ് പല നമ്പൂതിരിമാരും അങ്ങനെയായിരുന്നു.

ബഹുഭാരത്വം എന്നാൽ, നമ്മുടെ നാട്ടിൽ കുറേ മാന്യന്മാരുണ്ട്. അതിൽ ഉദ്യോഗസ്ഥന്മാരും എം.പിമാരും എം.എൽ.എമാരും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉണ്ട്. അവർക്കെല്ലാം ഒരു ഭാര്യമാരുണ്ടാവും. പിന്നെ ഇൻചാർജ് ഭാര്യമാർ വേറെയുണ്ടാകും. വൈഫ് ഇൻചാർജ്. അങ്ങനെ പേര് പറയാറില്ല. അങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ സമൂഹത്തിൽ എത്ര പേർ കൈ ഉയർത്തും' -ബഹാവുദ്ദീൻ നദ്‍വി വ്യക്തമാക്കി.

രണ്ട് വർഷം മുമ്പ് മിശ്രവിവാഹത്തിനെതിരെ വിമർശനവുമായി ബഹാഉദ്ദീൻ നദ്‍വി രംഗത്തെയിരുന്നു. ഉദാര ലൈംഗിക വാദത്തെ കൂട്ടുപിടിച്ച് ബഹുസ്വര സമൂഹത്തില്‍ മതകീയ കാഴ്ചപ്പാടുകളെ ഉച്ഛാടനം ചെയ്യുന്ന സന്ദേശമാണ് സമീപകാലത്ത് ചില പുരോഗമന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വക്താക്കളും ജനങ്ങളില്‍ സന്നിവേശിപ്പിക്കുന്നതെന്നാണ് ബഹാഉദ്ദീൻ നദ്‍വി പറഞ്ഞത്. മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗമാണെന്നും പൊതുസമൂഹത്തില്‍ അതൊന്നും തടയാനാകില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്നും എന്നാൽ, മിശ്രവിവാഹം ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ നിഷിദ്ധവും മഹാപാതകവുമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

വിശുദ്ധ ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളും വഴി രൂപപ്പെട്ട മതനിയമങ്ങളെയും സംഹിതകളെയും കാലാനുസൃതമായോ പുരോഗമന സിദ്ധാന്തങ്ങള്‍ക്കനുസരിച്ചോ പരിവര്‍ത്തിപ്പിക്കാനോ ഭേദഗതി ചെയ്യാനോ സാധ്യമല്ല. അത്യധികം അവമതിക്കപ്പെടേണ്ട പ്രശ്‌നത്തെ ന്യായീകരിച്ച് അവ സമൂഹത്തില്‍ സര്‍വവ്യാപിയും പുരോഗമനവുമാണെന്ന് പറഞ്ഞ് പാശ്ചാത്യ സംസ്‌കൃതിയെ പുല്‍കുന്ന അബദ്ധ ജടിലമായ പ്രവണത നഖശിഖാന്തം എതിര്‍ക്കപ്പെടണം. മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ഭരണകൂട ഒത്താശയോടെ നടത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ വിശ്വാസി സമൂഹം സജ്ജരാകണമെന്നും ബഹാഉദ്ദീൻ നദ്‍വി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗമാണെന്നും പൊതുസമൂഹത്തില്‍ അതൊന്നും തടയാനാകില്ലെന്നുമാണ് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വൈവാഹിക ജീവിതം പ്രവാചകരുടെ ചര്യയാണ്. സന്താന ലബ്ധിയും സദാചാര നിഷ്ഠയുമാണ് അതിന്റെ ലക്ഷ്യം. കര്‍ശനമായ ചില നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അതു വിധേയമായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. മതത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം എന്നാണ് പ്രവാചകന്‍ അതിനെ വിശേഷിപ്പിച്ചത്. മിശ്രവിവാഹമാകട്ടെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ നിഷിദ്ധവും മഹാപാതകവുമാണ്. ജീവിതത്തില്‍ ഏറെ നിര്‍ണായകമായ വൈവാഹിക ബന്ധം ഏതു രൂപത്തിലായിരിക്കണമെന്നതിന്ന് കൃത്യമായ നിര്‍ണയം മതം നല്‍കിയിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനിലും പ്രവാചക പാഠങ്ങളിലും മിശ്രവിവാഹത്തെ നിശിതമായി വിമര്‍ശിക്കുന്ന നിരവധി വചനങ്ങള്‍ കാണാം. ഇസ്‌ലാം മതപ്രകാരം വേദമതക്കാരായ ജൂത-ക്രൈസ്തവ സ്ത്രീകളെ വിവാഹം കഴിക്കാമെങ്കിലും വ്യവസ്ഥാപിതവും സുസ്ഥിരവുമായ മാനദണ്ഡം അവയിലെല്ലാം മതം അടയാളപ്പെടുത്തുന്നുണ്ട്.

'സത്യവിശ്വാസികളായ പതിവ്രതകളും നേരത്തെ വേദം നല്‍കപ്പെട്ടവരിലെ പതിവ്രതകളും നിങ്ങള്‍ക്കനുവദനീയം തന്നെ- പാതിവ്രത്യ സംരക്ഷണമുദ്ദേശിച്ചും വ്യഭിചാരികളായും കാമുകിമാരെ വരിച്ചും അല്ലാതെയും അവര്‍ക്ക് നിങ്ങള്‍ വിവാഹ മൂല്യം നല്‍കിയാല്‍. ഒരാള്‍ സത്യവിശ്വാസം കൈവെടിഞ്ഞാല്‍ അവന്റെ കര്‍മങ്ങളത്രയും തകര്‍ന്നു. പരലോകത്ത് അവന്‍ നഷ്ടക്കാരില്‍പെട്ടവനാകുന്നു' (വി.ഖു 5:5).

വിശുദ്ധ ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളും വഴി രൂപപ്പെട്ട മതനിയമങ്ങളെയും സംഹിതകളെയും കാലാനുസൃതമായോ പുരോഗമന സിദ്ധാന്തങ്ങള്‍ക്കനുസരിച്ചോ പരിവര്‍ത്തിപ്പിക്കാനോ ഭേദഗതി ചെയ്യാനോ സാധ്യമല്ല. കാലാനുസൃതമായി അവ നടപ്പാക്കുന്ന മാധ്യമങ്ങളില്‍ ചില പുതുരീതികള്‍ ഉണ്ടായാലും പൂര്‍ണ്ണമായും ആധികാരികതയെ എതിര്‍ക്കുന്നതൊന്നും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല എന്നതാണ് ഉള്‍സാരം.

ഉദാരലൈംഗിക വാദത്തെ കൂട്ടുപിടിച്ച് ബഹുസ്വര സമൂഹത്തില്‍ മതകീയ കാഴ്ചപ്പാടുകളെ ഉച്ഛാടനം ചെയ്യുന്ന സന്ദേശമാണ് സമീപകാലത്ത് ചില പുരോഗമന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വക്താക്കളും ജനങ്ങളില്‍ സന്നിവേശിപ്പിക്കുന്നത്.

അത്യധികം അവമതിക്കപ്പെടേണ്ട പ്രശ്‌നത്തെ ന്യായീകരിച്ച് അവ സമൂഹത്തില്‍ സര്‍വവ്യാപിയും പുരോഗമനവുമാണെന്ന് പറഞ്ഞ് പാശ്ചാത്യ സംസ്‌കൃതിയെ പുല്‍കുന്ന അബദ്ധ ജടിലമായ പ്രവണത നഖശിഖാന്തം എതിര്‍ക്കപ്പെടേണ്ടതാണ്.

മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ഭരണകൂട ഒത്താശയോടെ നടത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ വിശ്വാസി സമൂഹം സജ്ജരാകണം. നമ്മുടെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ശക്തമായ ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കണം.

ഇസ്‍ലാമികാധ്യാപനങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള പ്രവാചകീയ മറുപടി ഖുര്‍ആനില്‍ തന്നെയുണ്ട്. 'നമ്മുടെ വ്യക്തമായ സൂക്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെടുമ്പോള്‍ നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടുവരികയോ ഇതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുകയോ ചെയ്യുക എന്ന് നമ്മുടെ കൂടിക്കാഴ്ചയെ പ്രതീക്ഷിക്കാത്തവര്‍ തട്ടിവിടും. നബീ, താങ്കള്‍ പറയുക: സ്വന്തം വകയായി ഇതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ എനിക്കു പാടില്ല; ബോധനം നല്‍കപ്പെടുന്നത് പിന്തുടരുക മാത്രമാണ് ഞാന്‍. എന്റെ നാഥനു എതിരു ചെയ്യുന്നുവെങ്കില്‍ ഭയാനകമായ ഒരു നാളിലെ ശിക്ഷ ഞാന്‍ ഭയപ്പെടുക തന്നെ ചെയ്യുന്നു' (വി.ഖു 10:15,16)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaBahauddeen NadwiKerala NewsLatest News
News Summary - Samastha leader Bahauddeen Nadwi against people's representatives and ministers
Next Story