എസ്.എം.എഫിൽ പിടിമുറുക്കി സമസ്ത ലീഗ് അനുകൂല വിഭാഗം
text_fieldsകോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷനിൽ പിടിമുറുക്കി സമസ്തയിലെ ലീഗ് അനുകൂല വിഭാഗം. എസ്.എം.എഫിനെതിരായ മറുവിഭാഗത്തിന്റെ പരാതിയിൽ അടിസ്ഥാനമില്ലെന്നും സമസ്ത നേതൃത്വം അത് പരിഗണിക്കരുതെന്നുമാണ് മഹല്ല് ഫെഡറേഷന്റെ ആവശ്യം. ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ശേഷം ഉപസമിതി നൽകിയ റിപ്പോർട്ട് ബുധനാഴ്ച ചേരുന്ന സമസ്ത മുശാവറ യോഗം ചർച്ച ചെയ്യാനിരിക്കെയാണ് എസ്.എം.എഫ് തങ്ങളുടെ ആവശ്യം നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മുശാവറ എന്ത് തീരുമാനമെടുക്കുമെന്നത് നിർണായകമാണ്.
സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലെ തർക്കം മൂർച്ഛിക്കുന്നതിനിടെയാണ് ഭൂരിഭാഗം മഹല്ല് സംവിധാനങ്ങളും എസ്.എം.എഫിന് കീഴിലായത്. പള്ളി, മദ്റസ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഭരണം മഹല്ല് കമ്മിറ്റിക്കായതിനാൽ സമസ്തക്ക് നേരിട്ട് ഇടപെടാൻ കഴിയാത്ത സാഹചര്യമുണ്ട്. ചില മഹല്ല് കമ്മിറ്റികൾ ലീഗ് വിരുദ്ധ പ്രവർത്തനം നടത്തുന്ന ഖത്തീബുമാരെ പിരിച്ചുവിടുന്നതായും ലീഗ് വിരുദ്ധ വിഭാഗത്തിന് ആക്ഷേപമുണ്ട്. ഇതോടെയാണ് എസ്.എം.എഫിനെതിരെ അവർ രംഗത്തുവന്നത്. എസ്.എം.എഫ് കമ്മിറ്റികൾ നിലവിൽവന്നത് സംഘടനയുടെ ഭരണഘടനക്ക് അനുസൃതമായല്ലെന്നാണ് അവർ ഉയർത്തുന്ന പ്രധാന വാദം.
മുശാവറക്ക് നൽകിയ പരാതിയിലും ഇക്കാര്യമാണ് അവർ ഉന്നയിച്ചത്. അതുകൊണ്ട് നിലവിലെ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ, സമസ്തയുടെ പോഷക ഘടകങ്ങളിൽനിന്നുള്ളവർക്ക് അംഗത്വം നൽകരുതെന്ന് മാന്വൽ ഭേദഗതിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് എസ്.എം.എഫ് നേതാക്കൾ വ്യക്തമാക്കുന്നു. പോഷക ഘടകങ്ങൾക്ക് സ്വതന്ത്ര കമ്മിറ്റികൾ നിലവിൽവന്നതിനാലും എസ്.എം.എഫിന്റെ കർമപദ്ധതികൾ മഹല്ല് കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് നടപ്പാക്കേണ്ടത് എന്നതിനാലുമാണ് മഹല്ല് കമ്മിറ്റികൾക്ക് പ്രത്യേക പരിഗണന നൽകിയത്. എസ്.എം.എഫിന്റെ സംസ്ഥാന പ്രവർത്തക സമിതിയിലും സെക്രട്ടേറിയറ്റിലും ഇത് വിശദമായ ചർച്ചക്ക് വിധേയമാക്കിയപ്പോൾ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല.
എസ്.എം.എഫിന്റെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയെന്ന് പറയുന്ന സമസ്തയുടെ 12 പോഷക ഘടകങ്ങളെയും ഉൾക്കൊള്ളിച്ചുതന്നെയാണ് നിലവിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നതെന്നും എസ്.എം.എഫ് നേതാക്കൾ വിശദീകരിക്കുന്നു.
മാത്രവുമല്ല, സംഘടനയുടെ കീഴ്ഘടകങ്ങളൊന്നും വിഷയത്തിൽ പരാതി ഉന്നയിച്ചിട്ടുമില്ല. ഭരണഘടന തത്ത്വങ്ങൾ ലംഘിക്കാതെ നടത്തുന്ന മാന്വൽ പരിഷ്കരണം മുമ്പും നടന്നിട്ടുണ്ട്. മെംബർഷിപ് എന്ന സംവിധാനംതന്നെ ഭരണഘടനയിൽ ഇല്ലാത്തതാണ്. എന്നാൽ, മുക്കം ഉമർ ഫൈസി അടക്കം ഭാരവാഹികളായി പ്രവർത്തിച്ച കമ്മിറ്റിയും മെംബർഷിപ് പ്രകാരം തെരഞ്ഞെടുപ്പ് നടത്തിയിരുന്നു.
സമസ്തക്ക് സ്വാധീനമില്ലാത്ത മഹല്ലുകളിൽ എസ്.എം.എഫിന് യൂനിറ്റ് രൂപവത്കരിക്കാമെന്നതും ഭരണഘടനയിൽ ഇല്ലാത്തതാണ്. എസ്.വൈ.എസിന്റെ അംഗത്വ പ്രായം 25ൽനിന്ന് 18 ആക്കിയതും ഭരണഘടന മാറ്റാതെയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ കമ്മിറ്റികൾ നിലവിൽവന്നത് ഭരണഘടന വിരുദ്ധമാണെന്ന വാദം തള്ളണമെന്നും എസ്.എം.എഫ് നേതൃത്വം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എസ്.എം.എഫ് നേതാക്കൾ. ഭൂരിഭാഗം മഹല്ല് സംവിധാനങ്ങളിലും സ്വാധീനമുള്ളതിനാലാണ് സമസ്തയിലെ പ്രശ്നങ്ങൾ സമസ്തയെ മാത്രമാണ് ദുർബലപ്പെടുത്തുകയെന്നും ലീഗിന് പരിക്കുണ്ടാകില്ലെന്നും ലീഗ് ഭാരവാഹി യോഗം വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

