Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ശോഭച്ചേച്ചി ഈ...

‘ശോഭച്ചേച്ചി ഈ കുട്ടിയോട് സംസാരിച്ചിട്ടുണ്ട്, ചേച്ചിക്ക് ഇതിന്റെ സത്യം മുഴുവൻ അറിയാം’ -സി. കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ വെളിപ്പെടുത്തലുകളുമായി സന്ദീപ് വാര്യർ

text_fields
bookmark_border
‘ശോഭച്ചേച്ചി ഈ കുട്ടിയോട് സംസാരിച്ചിട്ടുണ്ട്, ചേച്ചിക്ക് ഇതിന്റെ സത്യം മുഴുവൻ അറിയാം’ -സി. കൃഷ്ണകുമാറിനെതിരായ പീഡന പരാതിയിൽ വെളിപ്പെടുത്തലുകളുമായി സന്ദീപ് വാര്യർ
cancel

കാസർകോട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാറിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പീഡനത്തിനിരയായ കുട്ടി ആർ.എസ്.എസിന്റെ എളമക്കരയിലെ പ്രാന്ത കാര്യാലയത്തിൽ പോയി ഏറ്റവും തലമുതിർന്ന നേതാവായ ഗോപാലൻകുട്ടി മാസ്റ്ററെ കണ്ട് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ‘ശോഭച്ചേച്ചി (ശോഭ സുരേന്ദ്രൻ) ഈ കുട്ടിയുമായി സംസാരിച്ചിട്ടുണ്ട്. ശോഭച്ചേച്ചിക്ക് ഇതിന്റെ സത്യം മുഴുവൻ അറിയാം’ -അ​ദ്ദേഹം പറഞ്ഞു.

‘എം.ടി. രമേശിനോട് അദ്ദേഹം എറണാകുളത്ത് താമസിച്ചിരുന്ന വീട്ടിൽ പോയി ഈ കുട്ടി കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. മുട്ടാവുന്ന മുഴുവൻ വാതിലുകളിലും ഈ കുട്ടി പോയി പരാതി പറഞ്ഞിട്ടുണ്ട്. പാർട്ടിയുടെ (ബി.ജെ.പി) മാനം രക്ഷിക്കണ​മെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്, സംഘടനാസ്നേഹമുള്ള കുട്ടി ഇതിന്റെ നടപടിയിൽനിന്ന് പലപ്പോഴും വിട്ടുനിന്നത്. 2025 ഏപ്രിൽ 22ന് പ്രധാനമന്ത്രിയുടെ ഓഫിസ് കൃഷ്ണകുമാറിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എസ്‍ പി ഓഫിസിൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്’ -സന്ദീപ് വാര്യർ പറഞ്ഞു.

കൃഷ്ണകുമാർ ഇരയുടെ ഐഡൻറിറ്റി വെളിപ്പെടുത്തിയെന്നും ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ലൈംഗിക പീഡന കേസുകളിൽ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നാണ് നിയമം. എന്നാൽ കൃഷ്ണകുമാര്‍ ആ നിയമം ലംഘിച്ചു. ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് കൃഷ്ണകുമാര്‍ വിശദാംശങ്ങൾ പുറത്തുപറഞ്ഞത്. പൊലീസ് ക്രിമിനൽ കേസ് എടുക്കണം. മിനി കൃഷ്ണകുമാറിന്‍റെ ജീവിതം തകർക്കരുതെന്ന് പിതാവ് പറഞ്ഞത് കൊണ്ടാണ് ആദ്യം കേസ് ഒതുങ്ങി പോയത്. സിവിൽ കേസ് ഇപ്പോഴും ഹൈക്കോടതിയിലാണുള്ളത്. ലൈംഗിക പീഡന കേസിൽ കൃഷ്ണകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. കേരള ബ്രിജ് ഭൂഷനാണ് കൃഷ്ണകുമാർ. വെണ്ണക്കരയിൽ ഉണ്ടായ സംഭവം എന്താണ്? എന്തിനാണ് കൃഷ്ണകുമാറിന്റെ ഭാര്യ വെണ്ണക്കരയിലെ ഒരു വീട്ടിൽ എത്തിയത്?’ -സന്ദീപ് വാര്യര്‍ ചോദിച്ചു.

നേതാക്കളോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി

പാലക്കാട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതി. പീഡനത്തിനിരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് എറണാകുളത്ത് താമസിക്കുന്ന പാലക്കാട് സ്വദേശിനിയായ യുവതി പരാതി നല്‍കി. വർഷങ്ങൾക്ക് മുമ്പ് കൃഷ്ണകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. മുമ്പ് ബി.ജെ.പി നേതാക്കളോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസിലേക്ക് യുവതി ഇ മെയിലിൽ പരാതി അയച്ചത്. ‘‘സി. കൃഷ്ണകുമാര്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി എളമക്കര ആർ.എസ്.എസ് സംസ്ഥാന കാര്യാലയത്തിലെ ഗോപാലൻകുട്ടി മാസ്റ്റർ, ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, എം.ടി. രമേശ്, അന്നത്തെ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സുഭാഷ് എന്നിവരെ അറിയിച്ചിരുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്നും നീതി ലഭിക്കുമെന്നും അവർ അറിയിച്ചു. എന്നാൽ, നടപടി ഉണ്ടായില്ല. പരാതി അവഗണിക്കപ്പെട്ടു. ഞാൻ അപമാനിതയായി.’’-പരാതിക്കാരി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ​ക്കെതിരായ പീഡനപരാതിയിൽ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിന്റെ മുൻനിരയിൽ സി. കൃഷ്ണകുമാർ ഉണ്ടായിരുന്നു. ഇത്തരം പ്രതിഷേധത്തിന് കൃഷ്ണകുമാറിന് ധാർമിക അവകാശമില്ലെന്നും അതിനാലാണ് സംസ്ഥാന പ്രസിഡന്റിന് പരാതി അയക്കുന്നതെന്നും സി. കൃഷ്ണകുമാറിനെ പുറത്താക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. രാജീവ് ചന്ദ്രശേഖര്‍ ബംഗളൂരുവിലാണെന്നും മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്നും അദ്ദേഹത്തിന്റെ ഓഫിസ് മറുപടി നൽകി.

സ്വത്ത് തർക്കത്തിന്റെ ഭാഗം; കോടതി തള്ളിയ പരാതി- സി. കൃഷ്ണകുമാർ

പാലക്കാട്: തനിക്കെതിരായ പരാതി തള്ളി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍ രംഗത്ത്. സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന ഈ പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരാണ് വീണ്ടും ഇതുയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാർ വാർത്താസ​മ്മേളനത്തിൽ പറഞ്ഞു.

2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരു​ന്നു. സ്വത്ത് തർക്കത്തിലും ലൈംഗികപീഡന പരാതിയിലും തനിക്ക് അനുകൂലമായ ഉത്തരവാണുണ്ടായത്. 2023 ൽ സ്വത്ത് തർക്ക കേസിലും 2024 ൽ ലൈംഗിക പീഡനക്കേസിലുമാണ് കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചത്. യുവതി പൊലീസിൽ 2014 ലാണ് പീഡനപരാതി നൽകിയത്. എഫ്.ഐ.ആർ ഇട്ടെങ്കിലും അന്വേഷിച്ച ശേഷം പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് പൊലീസ് കേസെടുത്തില്ല.

പാർട്ടിയും അന്ന് അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. ഏത് തരം അന്വേഷണത്തിനും താൻ തയാറാണ്. സംസ്ഥാന അധ്യക്ഷൻ വിശദീകരണം ചോദിച്ചാൽ നൽകും. വ്യാജ പരാതികള്‍ നല്‍കിയവര്‍ക്കെതിരെയും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep VarierC KrishnakumarShobha SurendranBJP
News Summary - sandeep varier against c krishnakumar
Next Story