കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ മതപരിവർത്തന നിരോധന നിയമത്തിന് പിന്നിൽ ആർ.എസ്.എസ്-ഇടത് സഖ്യ സർക്കാർ -സന്ദീപ് വാര്യർ
text_fieldsസന്ദീപ് വാര്യർ, ജയിൽ മോചിതരായ കന്യാസ്ത്രീകൾ
കോഴിക്കോട്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏറെ ചർച്ചയായ ഛത്തിസ്ഗഢിലെ വിവാദ മതപരിവർത്തന നിരോധന നിയമം ആർ.എസ്.എസ്-ഇടത് സഖ്യത്തിന്‍റെ ഉൽപന്നമാണെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ. 1968ൽ മധ്യപ്രദേശ് നിയമസഭ അവതരിപ്പിച്ച മതപരിവർത്തന നിരോധന നിയമം ഇടത് എം.എൽ.എ പിന്തുണച്ചതായും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
1967ൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനായി ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ 'സംയുക്ത വിധായക് ദൾ' (എസ്.വി.ഡി) എന്ന സഖ്യത്തിന് രൂപം നൽകിയിരുന്നു. ബിഹാർ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും സഖ്യം അധികാരത്തിൽ വരുകയും ചെയ്തു. ജനസംഘവും സി.പി.ഐയും സി.പി.എമ്മും ചേർന്ന് രൂപാന്തരപ്പെട്ട മുന്നണിയാണ് മധ്യപ്രദേശിൽ അധികാരത്തിൽ വന്നത്.
നിയമസഭയിൽ സി.പി.ഐക്ക് ഒരു എം.എൽ.എ ഉണ്ടായിരുന്നു. എന്നാൽ, സി.പിഎ.മ്മിന് മധ്യപ്രദേശിൽ എം.എൽ.എ ഉണ്ടായിരുന്നില്ലെങ്കിലും സഖ്യത്തിന്‍റെ ഭാഗമായിരുന്നു. 1968ൽ 'സംയുക്ത വിധായക് ദൾ' സർക്കാർ മധ്യപ്രദേശ് നിയമസഭയിൽ കൊണ്ടുവന്ന 'ദ മധ്യപ്രദേശ് ധർമ സ്വാതന്ത്ര്യ അധിനിയം' എന്ന പേരിലുള്ള മതപരിവർത്തന നിരോധന നിയമത്തെ ഇടതുപക്ഷ എം.എൽ.എ പിന്തുണച്ചെന്നും സന്ദീപ് വാര്യർ എഫ്.ബി. പോസ്റ്റിൽ വ്യക്തമാക്കി.
2000 നവംബർ ഒന്നിനാണ് മധ്യപ്രദേശിലെ വലിയ ജില്ലകൾ യോജിപ്പിച്ച് ഛത്തിസ്ഗഢ് സംസ്ഥാനം രൂപീകരിച്ചത്. 1968ൽ മധ്യപ്രദേശ് നിയമസഭ പാസാക്കിയ മതപരിവർത്തന നിരോധന നിയമമാണ് സംസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ ഛത്തിസ്ഗഢ് സംസ്ഥാനവും പിന്തുടരുന്നത്. ഈ വിവാദ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മതപരിവർത്തനം ആരോപിച്ച് ഛത്തിസ്ഗഢ് പൊലീസ് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
വിവാദമായ മധ്യപ്രദേശിലെ മതപരിവർത്തനം നിരോധനം നിയമം കൊണ്ടുവന്നത് ആരാണ് ? അത് ആർഎസ്എസ് ഇടത് സഖ്യത്തിന്റെ ഉൽപന്നമാണ് എന്നതാണ് വസ്തുത. 1967ൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ രൂപം കൊണ്ട സഖ്യം ആയിരുന്നു സംയുക്ത വിധായക് ദൾ. 1967ൽ ബീഹാർ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഈ സഖ്യം അധികാരത്തിൽ വന്നു. ജനസംഘവും സിപിഐയും സിപിഎമ്മും ഒരു മുന്നണിയായി രൂപാന്തരപ്പെട്ടു. മധ്യപ്രദേശിൽ ഈ മുന്നണി സർക്കാർ ആണ് അധികാരത്തിൽ വന്നത്. സിപിഐക്ക് ഒരു എംഎൽഎ ഉണ്ടായിരുന്നു. സിപിഎമ്മിന് മധ്യപ്രദേശിൽ എംഎൽഎ ഉണ്ടായിരുന്നില്ല, എങ്കിലും സഖ്യത്തിന്റെ ഭാഗമായിരുന്നു. 1967ൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആർഎസ്എസും ഇടതുപക്ഷവും ചേർന്ന് രൂപം കൊടുത്ത SVD സർക്കാരാണ് 1968ൽ മധ്യപ്രദേശ് അസംബ്ലിയിൽ ദ മധ്യപ്രദേശ് ധർമ്മ സ്വാതന്ത്ര്യ അധിനിയം എന്ന പേരിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. ഇടതുപക്ഷ എംഎൽഎ ഈ നിയമത്തെ അസംബ്ലിയിൽ പിന്തുണച്ചു.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച ഛത്തീസ്ഗഡ് സർക്കാർ ജയിലിലടച്ച മലയാളി കന്യാസ്ത്രീകൾക്ക് ഒമ്പത് ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരാണ് ജയിൽ മോചിതരായത്.
മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നുവെന്നാണ് ഛത്തിസ്ഗഢ് പൊലീസ് കന്യാസ്ത്രീകൾക്കെതിരെ ആരോപിച്ചത്. ആദിവാസി പെൺകുട്ടി അടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.