‘എൻറെ മണ്ഡലത്തിൽ മന്ത്രി വരുമ്പോൾ സംരക്ഷിക്കാൻ എനിക്ക് ബാധ്യതയുണ്ട്’ ഡി.വൈ.എഫ്.ഐ ആരോപണത്തിന് മറുപടിയുമായി സന്ദീപ് വാര്യർ
text_fieldsതൃക്കരിപ്പൂർ: തികച്ചും ഔദ്യോഗികമായ രണ്ട് പരിപാടികൾക്ക് വന്ന മന്ത്രിയുടെ വാഹനം ആക്രമിക്കുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് തൃക്കരിപപൂർ എം.എൽ.എ സന്ദീപ് വാര്യർ. തൻറെ മണ്ഡലത്തിൽ മന്ത്രി വരുമ്പോൾ സംരക്ഷിക്കാൻ തനിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘യുഡിഎഫ് പ്രവർത്തകർ മന്ത്രിയെ സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചു. സംരക്ഷണം നൽകുകയും നിശ്ചയിച്ച മുഴുവൻ പരിപാടികളും നടത്തുകയും ചെയ്തു’ -എം.എൽ.എ പറഞ്ഞു.
കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ പ്രവർത്തകരെ പിന്നാലെ എത്തിയ തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ ആക്രമിച്ചതായി ഡി.വൈ.എഫ്.ഐ പയ്യന്നൂര് ബ്ലോക്ക് സെക്രട്ടറി സിവി രഹിനേജ് ആരോപിച്ചിരുന്നു. പൊലീസ് പോലും പറഞ്ഞിട്ട് കേൾക്കാത്ത നിലയിലേക്ക് എം.എൽ.എ മാറിയതായും അദ്ദേഹം പറഞ്ഞിരുന്നു.
സന്ദീപിന്റെ കുറിപ്പിന്റെ പൂർണരൂപം:
തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ ഇന്ന് യുവജന ക്ഷേമ വകുപ്പ് മന്ത്രി ജനീഷ് വന്നത് തികച്ചും ഔദ്യോഗികമായ രണ്ടു പരിപാടികൾക്കാണ്. ഒന്ന് പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടി നീലേശ്വരത്ത്. അവിടെ നീലേശ്വരം കൊട്ടാരം പൈതൃക മ്യൂസിയം ആക്കാൻ സ്ഥലം എംഎൽഎ എന്നുള്ള നിലയ്ക്ക് ഞാനും നീലേശ്വരം മുനിസിപ്പാലിറ്റിയും ഒരുമിച്ച് ആവശ്യപ്പെട്ടു. നീലേശ്വരം കൊട്ടാരം സന്ദർശിച്ച മന്ത്രി ഇക്കാര്യം തീർച്ചയായും പരിഗണിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
മന്ത്രിയുടെ തൃക്കരിപ്പൂർ മണ്ഡലത്തിലെ രണ്ടാമത്തെ പരിപാടി നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ ഗെയിം പ്ലാൻ തൃക്കരിപ്പൂർ എന്ന കായിക മേഖലയുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു. തൃക്കരിപ്പൂരിലെ മുഴുവൻ കായിക താരങ്ങളെയും ക്ഷണിച്ച് നടത്തിയ പരിപാടി ഉജ്ജ്വല വിജയമായി. തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിലെ ടർഫ് നവീകരണത്തിനും പുറമേ തൃക്കരിപ്പൂരിന് ഒരു ഓപ്പൺ ജിമ്മും മന്ത്രി ഇന്ന് പ്രഖ്യാപിച്ചു. നമ്മുടെ കായിക മേഖലയുടെ മുഴുവൻ പ്രശ്നങ്ങളും മന്ത്രി സാകൂതം കേട്ടു. തൃക്കരിപ്പൂരിലെ കായിക പ്രതിഭകളുടെ മികവിനെ കുറിച്ച് മന്ത്രിക്ക് കൃത്യമായ ധാരണ നൽകാനായി. വൈകീട്ട് എംഎൽഎയുടെ വീട്ടിൽ മുൻ ഇന്ത്യൻ താരം മുഹമ്മദ് റാഫിയുമായും ഫുട്ബോൾ സംഘടനകളുമായും മന്ത്രി ചർച്ച നടത്തി.
തികച്ചും ഔദ്യോഗികമായ രണ്ട് പരിപാടികൾക്ക് വന്ന മന്ത്രിയുടെ വാഹനം ആക്രമിക്കുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തത്. എൻറെ മണ്ഡലത്തിൽ മന്ത്രി വരുമ്പോൾ സംരക്ഷിക്കാൻ എനിക്ക് ബാധ്യതയുണ്ട്. യുഡിഎഫ് പ്രവർത്തകർ മന്ത്രിയെ സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചു. സംരക്ഷണം നൽകുകയും നിശ്ചയിച്ച മുഴുവൻ പരിപാടികളും നടത്തുകയും ചെയ്തു.
സന്ദീപ് വാര്യർ
തൃക്കരിപ്പൂർ എംഎൽഎ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

