സാനു മാഷ് സമഭാവ ദര്‍ശനത്തിന്റെ പാഠപുസ്തകം- മുഖ്യമന്ത്രി
text_fieldspinarayi sanu
വര്‍ത്തമാനകാല കേരള സമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ജീവിതത്തിനാണ് എം.കെ സാനുവിന്റെ വിയോഗത്തിലൂടെ തിരശ്ശീല വീണിരിക്കുന്നത്. കേരള സമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചത്. കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനു മാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്കിയ അദ്ദേഹം കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകന്, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്ത്തകന്, നിസ്വാർഥനായ സാമൂഹിക സേവകന്, നിസ്വപക്ഷമുള്ള എഴുത്തുകാരന്, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ധാരാളമുണ്ട്.
സാനു മാഷിന്റെ ജീവിതം ആരംഭിക്കുന്നത് വളരെ സാധാരണ ചുറ്റുപാടുകളില്‍നിന്നാണ്. ജീവിതത്തില്‍ തനിക്കുണ്ടാകുന്ന വിഷമതകള്‍ തന്റെ മാത്രം വിഷമതകളല്ലെന്നും അതില്‍ ലോകക്രമത്തിന്റെ സ്വാധീനമുണ്ടെന്നും മനസ്സിലാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. അത് പലപ്പോഴും അദ്ദേഹത്തിന്റെ എഴുത്തില്‍ തെളിഞ്ഞുകാണാം. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം ഈ ദര്‍ശനങ്ങളിലുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അന്തര്‍മുഖനായ വ്യക്തി സാമൂഹിക ജീവിതവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന മാറ്റമാണ് നാം അദ്ദേഹത്തില്‍ കണ്ടത്. വിഷാദ കവിതകളോട് അദ്ദേഹത്തിനുണ്ടായിരുന്ന മമത സൂചിപ്പിക്കുന്നത് അശരണരോടും ദുഃഖിതരോടും ചേര്ന്നുനില്ക്കാനുള്ള വ്യഗ്രത കൂടിയാണ്. അത് ജീവിതാന്ത്യം വരെ അദ്ദേഹം അങ്ങനെ തന്നെ സൂക്ഷിച്ചുപോന്നു.
സാനു മാഷിന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത് അധ്യാപന ജീവിതത്തോടെയാണ്. കുട്ടികളോടുള്ള പ്രത്യേക വാത്സല്യം പ്രിയപ്പെട്ട അധ്യാപകനാക്കി അദ്ദേഹത്തെ മാറ്റി. എന്റെ വിദ്യാർഥി ജീവിതകാലത്തിനു ശേഷമാണ് കുറച്ചുകാലം തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ അദ്ദേഹം അധ്യാപകനായെത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാർഥികളെയും യുവാക്കളെയും പൊലീസ് തല്ലിച്ചതക്കുന്ന സന്ദര്‍ഭങ്ങളില്‍ വേദനിക്കുന്ന സാനു മാഷിനെ ഞാന്‍ കണ്ടിട്ടുണ്ട്.
ഇ.എം.എസുമായി സംവാദാത്മകമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ടുകൂടിയാണ്, കോളജ് അധ്യാപനത്തില്‍നിന്ന് വിരമിച്ച ശേഷം, ഇ.എം.എസിന്റെ അപേക്ഷ പരിഗണിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം തയാറായത്. നിയമസഭാംഗമായി നാലുവര്‍ഷം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എഴുത്തും വായനയും രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക സേവനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ് അദ്ദേഹം ചെയ്തത്. സാംസ്കാരിക, സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കരുതെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. കലാകാരന് ഏതെങ്കിലും ഒരുപക്ഷം പിടിച്ചാല്‍ കല ദുഷിച്ചുപോകും എന്നതാണ് അവര്‍ ഉപയോഗിക്കുന്ന വാദം. എന്നാല്‍ അത് അങ്ങനെയല്ലെന്ന് തെളിയിക്കുന്നതാണ് സാനു മാഷിന്റെ ജീവിതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.