പക്ഷഭേദമില്ലാതെ സാനുമാഷ്
text_fieldsCR
താൻ ജീവിച്ച കാലം അത്രയും തന്റെ ചുറ്റുപാടുമുള്ള ലോകത്തെ പക്ഷഭേദമില്ലാതെ കാണാൻ കഴിയുക എന്നത് വളരെ കുറച്ചു പേർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. സാനു മാസ്റ്റർക്ക് അത് കഴിഞ്ഞു. മാനവലോകത്ത് നീതിയുടെ പക്ഷം. അതായിരുന്നു മാസ്റ്ററുടെ പക്ഷം. ആ പക്ഷത്ത് ഉറച്ചു നിന്നവരെയാണ് അദ്ദേഹം തനിക്ക് മാതൃകകളായി കണ്ടത്. ഇത് യേശു ദേവന്റെയും നബി തിരുമേനിയുടെയും അനുശാസനങ്ങളിലൂടെ ശ്രീനാരായണഗുരുവിന്റെ ഉൽബോധനങ്ങളിൽ എത്തി നിന്നു.
അതൊക്കെ ഒരു വെറും പുറം പൂച്ചയായി കൊണ്ടുനടക്കുകയല്ല, സാത്മീകരിച്ച് പകർന്നു കൊടുക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതാണ് യഥാർത്ഥ ഗുരുനാഥന്മാർ ചെയ്യാറ്. സമൂഹം എത്തിനിൽക്കുന്ന പ്രതലത്തിൽനിന്ന് നിവൃത്തിയിലേക്കും അഭിവൃധിയിലേക്കും പോകാൻ എന്തു വഴി എന്ന് അവർ ഉത്ബോധിപ്പിക്കുന്നുവല്ലോ. പ്രായോഗിക ജീവിതത്തിൽ ഗുരുനാഥനായ ഒരാൾ ക്ലാസ് മുറിയിലും പുറത്തും ഇതുതന്നെ മുഖമുദ്രയാക്കുന്നു.
ആരുമായും എവിടെ ഇടപഴകുമ്പോഴും ഈ സാംസ്കാരിക നിലപാട് അനായാസം പകർന്നു നൽകുന്നു. പ്രഭാഷണങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ, സ്വീകാരനിഷേധങ്ങളിലൂടെ, ഭാവഹാവങ്ങളിലൂടെ, എന്തിനേറെ, വെറുമൊരു പുഞ്ചിരിയിലൂടെ അദ്ദേഹം അത് സമർത്ഥമായി സാധിച്ചു. തനിക്കുവേണ്ടി ഒന്നും സമ്പാദിച്ചില്ല. 50 കൊല്ലം മുൻപ് ഞാൻ കാണുമ്പോൾ എങ്ങനെയാണോ അദ്ദേഹം കഴിഞ്ഞത് അതേപോലെയാണ് ഇപ്പോൾ യാത്രയാകുമ്പോഴും ഇരുന്നത്. പക്ഷേ, അദ്ദേഹം കൈപ്പറ്റിയ ലോകം അല്ല അദ്ദേഹവും വിട്ടേച്ചു പോയത്. ഒരാളെ വിലമതിക്കാനുള്ള ഏറ്റവും നല്ല വിദ്യ അദ്ദേഹമില്ലായിരുന്നെങ്കിൽ നമുക്ക് എന്ത് നഷ്ടം വരുമായിരുന്നു എന്ന ചിന്തയാണ്. പ്രൊഫസർ എം കെ സാനു എന്ന ഒരാൾ ജീവിച്ചില്ലായിരുന്നു ഇവിടെ എങ്കിൽ ഈ കേരളം പല രീതികളിൽ ഇന്നത്തേക്കാൾ മോശമാകുമായിരുന്നു എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും കാണില്ല. അദ്ദേഹം തിരഞ്ഞെടുപ്പിന് നിന്നു, ഒരിക്കൽ. അദ്ദേഹത്തെ സ്നേഹിക്കുന്നവരൊക്കെ അദ്ദേഹത്തിനു വേണ്ടി പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങി. ഞങ്ങൾക്കൊക്കെ പ്രസംഗിക്കാൻ അവസരം കിട്ടി(നൂറു പൊതുയോഗങ്ങളിലെങ്കിലും ഞാൻ പ്രസംഗിച്ചിട്ടുണ്ടാവും). അദ്ദേഹം എനിക്ക് തന്ന ഒരേ ഒരു നിർദ്ദേശം, ഒരാളെ പറ്റിയും ശരിയായോ തെറ്റായോ ഒരപവാദവും ഒരിക്കലും പറഞ്ഞു പോകരുത് എന്നാണ്. രാധാകൃഷ്ണനോട് ഞാനിത് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്ന ഒരു അഭിനന്ദനവും!
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്ക് അല്ല പ്രാധാന്യം എന്നായിരുന്നു ആ നിലപാട്. തെരഞ്ഞെടുപ്പുകൾ വരും പോവും, എന്തു വന്നാലും സംസ്കാരം ബാക്കിയാവണം. കാരണം, അത് പോയാൽ എല്ലാം പോയി! ഒരു മദയാന വലിച്ചാലും ഒരിക്കലും ചരിയാത്ത അവസ്ഥയിൽ ഉറച്ചുനിന്നു പ്രഭാഷണങ്ങൾ നടത്തുന്ന ഈ അല്പ ശരീരനായ ആളുടെ ഉൾ ബലം അതിവിശിഷ്ടം തന്നെ! അദ്ദേഹം ശുദ്ധീകരണത്തിന് വിധേയങ്ങൾ ആക്കിയ കാര്യങ്ങൾ മുൻഗണനക്രമത്തിൽ ഇങ്ങനെയാണ്: ഭാഷ, സാഹിത്യം, സംസ്കാരം. ഈ അവസാനത്തേതിൽ സമത്വം സ്വാതന്ത്ര്യം, ലാളിത്യം എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെയൊന്നും നിർവചനത്തിൽ സംശയലേശം ഇല്ലായിരുന്നുതാനും.
നമുക്ക് വലിയ ആദരവോടെ അദ്ദേഹത്തെ എന്നും ഓർക്കാം. നമ്മുടെ കുട്ടികൾക്ക് അദ്ദേഹത്തെറ്റി പറഞ്ഞു കൊടുക്കാം. സംശയമൊന്നും വേണ്ട, ഗുരുനാഥന്മാർക്ക് മരണമില്ല! കാണാതായി എന്നെ ഉള്ളൂ. കണ്ണടച്ചു നോക്കൂ: ഇതാ ആ പുഞ്ചിരി മുന്നിൽ!!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.