വൈദ്യുതി പ്രതിസന്ധിയിൽ സതീശൻ-പിണറായി പോര്; നിയമസഭയിൽ വാഗ്വാദവും പ്രതിപക്ഷ വാക്കൗട്ടും
text_fieldsതിരുവനന്തപുരം: ഉമ്മന് ചാണ്ടി സര്ക്കാറിന്റെ കാലത്ത് യൂനിറ്റിന് 4.29 പൈസ നിരക്കില് 25 വര്ഷത്തേക്കുണ്ടാക്കിയ വൈദ്യുതി വാങ്ങല് കരാര് ഏഴുവർഷത്തിനുശേഷം പിണറായി സര്ക്കാർ കാലത്ത് റദ്ദാക്കിയത് അന്വേഷിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
എന്നാൽ എൽ.ഡി.എഫ് സര്ക്കാറല്ല, വൈദ്യുതി റഗുലേറ്ററി കമീഷനാണ് ദീര്ഘകാല കരാര് റദ്ദാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് അവതരാണാനുമതി തേടിയപ്പോഴാണ് കരാർ റദ്ദാക്കിയത് സംബന്ധിച്ച് വാദപ്രതിവാദമുണ്ടായത്.
ഇടതു സര്ക്കാര് കരാര് റദ്ദാക്കിയതാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ഇതില് കുറഞ്ഞ തുകയ്ക്കു വൈദ്യുതി വാങ്ങാന് സര്ക്കാറിനു കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരാര് റദ്ദാക്കിയ ശേഷം വാങ്ങാന് ശ്രമിച്ചപ്പോള്, ഉയര്ന്ന തുകയാണ് ആവശ്യപ്പെട്ടത്. അതിനാല് കഴിഞ്ഞ സര്ക്കാറിന് പുതിയ ദീര്ഘകാല കരാറില് ഏര്പ്പെടാനും സാധിച്ചില്ല -അദ്ദേഹം പറഞ്ഞു.
അടിയന്തിര പ്രമേയ നോട്ടീസ് ചർച്ച കരാർ റദ്ദാക്കലിലേക്ക് കടന്നതോടെ സഭയില് രൂക്ഷമായ ഭരണ-പ്രതിപക്ഷ വാഗ്വാദം അരങ്ങേറി. ജി.ആർ. അനിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
യു.ഡി.എഫ് അധികാരത്തിൽ വരുമ്പോഴെല്ലാം വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നും സ്വകാര്യ കുത്തകകൾക്ക് വഴിയൊരുക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു. മഴക്കുറവും എൽനിനോ പ്രതിഭാസവും കാരണം സെപ്റ്റംബറിൽ വൈദ്യുതി ഉപഭോഗത്തിൽ 26 ശതമാനം വർധനവുണ്ടായെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. എൽ.ഡി.എഫ് ഭരണകാലത്തും പലതവണ വൈദ്യുതി നിയന്ത്രണമുണ്ടായെന്ന് തീയതികൾ എണ്ണിപ്പറഞ്ഞ് മന്ത്രി തിരിച്ചടിച്ചു.
4.29 രൂപയുടെ കരാർ റദ്ദാക്കി; 14 രൂപക്ക് വാങ്ങി -മുഖ്യമന്ത്രി
തിരുവനന്തപുരം: 4.29 രൂപക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഏഴു വര്ഷത്തെ ഉപയോഗശേഷം രണ്ടാം പിണറായി സര്ക്കാര് റദ്ദാക്കി, പകരം എട്ടു മുതല് 14 രൂപ വരെ മുടക്കിയാണ് വൈദ്യുതി വാങ്ങിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പുതിയ ദീര്ഘകാല കരാറുകൾ ഒപ്പുവെക്കാൻ ഇവര്ക്കായില്ല. മൊത്തം ആവശ്യകതയുടെ 15 ശതമാനം മാത്രമാണ് ഉൽപാദിപ്പിക്കാന് കഴിഞ്ഞത്. പത്ത് വർഷം കൊണ്ട് കേവലം 152 മെഗാവാട്ട് വൈദ്യുതി മാത്രമാണ് എൽ.ഡി.എഫിന് അധികമായി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് സർക്കാർ രാഷ്ട്രീയ നിയമനം നടത്തിയ റഗുലേറ്ററി കമീഷനാണ് ദീർഘകാല കരാർ റദ്ദാക്കിയത്. ചെയര്മാന് രാഷ്ട്രീയമില്ലെങ്കിലും ചില അംഗങ്ങളുടേത് രാഷ്ട്രീയ നിയമനമായിരുന്നു. ഇവരാണ് കരാര് റദ്ദാക്കാന് മുന്നില് നിന്നത്.
എന്നാൽ, കരാര് ഒപ്പിടും മുമ്പ് റഗുലേറ്ററി കമീഷന്റേയോ കേന്ദ്ര സര്ക്കാരിന്റേയോ അനുമതി വാങ്ങിയില്ലെന്നും അപാകത നിറഞ്ഞതിനാലാണ് കമീഷൻ കരാർ റദ്ദാക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു. യു.ഡി.എഫ് കാലത്ത് ടി.എന്. മനോഹരന് അധ്യക്ഷനായി രൂപവത്കരിച്ച റുഗലേറ്ററി കമീഷനും അപാകത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കരാര് റദ്ദാക്കരുതെന്ന് സര്ക്കാര് അഭ്യര്ഥിച്ചെങ്കിലും അംഗീകരിക്കാന് കമീഷന് തയാറായില്ല. ടി.കെ. ജോസ് ചെയര്മാനായിരിക്കേയാണ് കരാര് റദ്ദാക്കിയത്. സര്ക്കാര് അപ്പലേറ്റ് ട്രൈബ്യൂണലിനെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാര് പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയില് സര്ക്കാറിനായി മുതിര്ന്ന അഭിഭാഷകന് കപില് സിബലിനെ നിയോഗിച്ചതായി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

