ജപ്തിഭീഷണിയിൽ ആയിരങ്ങൾ! 2015ൽ സതീശന്റെ ഇടപെടലിൽ രൂപംനൽകിയ നിയമസഭ സമിതി കടബാധിതർക്ക് ആശ്വാസം നിർദേശിച്ച റിപ്പോർട്ടിൽ നടപടിയില്ല
text_fieldsകൊച്ചി: സർഫാസി നിയമ പ്രകാരമുള്ള നടപടികളിൽ ഇളവ് നൽകണമെന്ന, കേരള നിയമസഭ നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റി റിപ്പോർട്ടിൽ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനാൽ ആയിരക്കണക്കിന് കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ കഴിയുമ്പോൾ കടബാധിതർക്ക് സംരക്ഷണം നൽകണമെന്ന് നിർദേശിക്കുന്ന, ഒന്നാം പിണറായി സർക്കാർ 2019ൽ നിയോഗിച്ച കേരള നിയമസഭയുടെ അഡ്ഹോക്ക് കമ്മിറ്റി റിപ്പോർട്ടിലാണ് ഏഴ് വർഷമായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തത്.
2002ൽ വാജ്പേയി പ്രധാനമന്ത്രിയായ കേന്ദ്ര സർക്കാർ പാസ്സാക്കിയ സർഫാസി നിയമം, ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് വൈകുന്നതിന്‍റെ പേരിൽ ജപ്തി നടപടികൾക്ക് ബാങ്കുകൾക്ക് അമിതാധികാരം നൽകുന്നതായിരുന്നു.
നിയമപ്രകാരം ഒരു വായ്പയുടെ തിരിച്ചടവ് തുടർച്ചയായി മൂന്ന് ഗഡുക്കളോ അല്ലെങ്കിൽ 90 ദിവസമോ മുടങ്ങി, പിന്നീട് 12 മാസം തുടരുകയും ചെയ്താൽ കോടതിയുടെ പ്രത്യേക ഉത്തരവില്ലാതെതന്നെ ബാങ്കിന് ഈടുവസ്തുക്കൾ കൈവശമെടുക്കാനോ ലേലം ചെയ്യാനോ സാധിക്കും.
മുഖ്യമായും പട്ടികവിഭാഗങ്ങളടക്കമുള്ള പാവപ്പെട്ടവരെ ലക്ഷ്യംവെച്ച് കോർപറേറ്റ് ബാങ്കുകൾക്കടക്കം സ്വത്ത് തട്ടിയെടുക്കാൻ അധികാരം നൽകുന്ന നിയമത്തിനെതിരെ വിവിധ ഭൂസംരക്ഷണ കൂട്ടായ്മകൾ സമരത്തിലാണ്. 60 ശതമാനത്തോളം പേർ ഇതുമൂലം കടക്കെണിയിലും ജപ്തിഭീഷണിയിലുമാണെന്നാണ് നബാർഡ് അടക്കമുള്ളവയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
കേരളത്തിൽ സർഫാസി നിയമത്തിന്റെ പരിധിയിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കണമെന്ന സുപ്രധാന നിർദേശമടക്കം 12 ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് 2019 നവംബർ 20നാണ് എസ്. ശർമ ചെയർമാനായ നിയമസഭ സമിതി ശിപാർശ നിയമസഭയിൽ സമർപ്പിച്ചത്.
നിശ്ചിത തുക വായ്പയെടുത്തതും സർഫാസി നിയമ വ്യവസ്ഥപ്രകാരം ഭൂമി നഷ്ടപ്പെടുമെന്ന ഭീഷണിയിലായതുമായ പാവപ്പെട്ട പട്ടികവിഭാഗങ്ങളിലുള്ളവരുടെ കടം സർക്കാർതന്നെ തിരിച്ചടച്ച് ജപ്തി നടപടികൾ ഒഴിവാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനും ക്രമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ തട്ടിയെടുത്ത ആധാരങ്ങൾ അവർക്ക് തിരികെ ലഭ്യമാക്കാനുള്ള ഒരു ബ്രഹത് പദ്ധതി സംസ്ഥാന സർക്കാറിന്റെ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി തയാറാക്കി നടപ്പാക്കണമെന്നും കമ്മിറ്റി നിർദേശിച്ചിരുന്നു. ഈ ശിപാർശയിലുള്ള റിപ്പോർട്ട് സഹകരണ വകുപ്പ് സെക്രട്ടറി 2020 ആഗസ്റ്റ് 24ന് നിയമസഭ സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ല.
അഞ്ചുസെന്‍റിൽ താഴെയുള്ളവരുടെ വസ്തു ഈടായി നൽകുമ്പോൾ അത്തരം വായ്പകൾക്ക് സർഫാസി നിയമം ബാധകമാക്കരുതെന്ന് സർക്കാർ ആവശ്യപ്പെടണമെന്നാണ് കമ്മിറ്റിയുടെ ഒരു നിർദേശം. ഒരുവർഷ കാലയളവിനുശേഷം തിരിച്ചടവ് മുടങ്ങുന്നവർക്കും 10 ലക്ഷം രൂപ പരിധിക്കു മുകളിലുള്ളവർക്കും എതിരെ മാത്രമേ നടപടി പാടുള്ളൂവെന്നതും ശിപാർശയിലുണ്ട്.
വായ്പയുടെ മൂന്നിൽ രണ്ടുഭാഗവും തിരിച്ചടച്ചു കഴിഞ്ഞവരെ സർഫാസിൽ നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശവും കമ്മിറ്റി സമർപ്പിച്ചു. ഇത്തരം ശിപാർശകളിൽ സ്വീകരിച്ച നടപടികൾ ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം നൽകിയ മറുപടിയിൽ, നിലവിൽ സഹകരണ ബാങ്കുകൾ ആർ.ബി.ഐ വ്യവസ്ഥകൂടി പാലിക്കേണ്ടതിനാൽ നിയമം നടപ്പാക്കാൻ നിർബന്ധിതരാവുകയാണെന്നാണ് വ്യക്തമാക്കുന്നത്.
2015ൽ ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നിയമപ്രകാരം ജപ്തിയിലായവർക്കുവേണ്ടി നടത്തിയ ഇടപെടലാണ് കമ്മിറ്റി രൂപവത്കരിക്കാൻ നിമിത്തമായത്. പുതിയ മന്ത്രിസഭ മുൻകൈയെടുത്ത് നിയമസഭ അഡ്ഹോക്ക് കമ്മിറ്റി റിപ്പോർട്ട് എത്രയുംവേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സാംബവ മഹാസഭ ഭാരവാഹി ശിവൻ കദളി മുഖ്യമന്ത്രിക്കും പട്ടികജാതി വികസന മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിലും വിവിധ ജില്ലാതലങ്ങളിലും സർഫാസി നിയമത്തിനെതിരെ വർഷങ്ങളായി സമരം നടന്നുവരുകയാണ്.

