വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് വിദഗ്ധ സമിതിയുടെ വെട്ട്; ‘ശനിയാഴ്ച അധ്യയന ദിനമാക്കേണ്ട, പാദവാർഷിക പരീക്ഷ വേണ്ട’
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ 25 ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനമാക്കി 220 അധ്യയന ദിനങ്ങൾ തികക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ വെട്ട്. ആഴ്ചയിൽ അഞ്ച് അധ്യയന ദിനങ്ങൾ തന്നെ തുടർന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിൽ നിർദേശിക്കുന്ന അധ്യയന സമയം തികക്കാനാണ് ശിപാർശ. ആവശ്യമെങ്കിൽ തുടർച്ചയായി ആറ് പ്രവൃത്തി ദിനങ്ങൾ വരാത്ത രീതിയിൽ മാസത്തിൽ ഒരു ശനിയാഴ്ച അധ്യയന ദിനമാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സമിതി ശിപാർശ ചെയ്തു.
ഇതുവഴി വർഷത്തിൽ 205 വരെ അധ്യയന ദിനങ്ങൾ ഉറപ്പാക്കാൻ കഴിയും. സ്കൂൾ ടേം പരീക്ഷകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടാക്കി ചുരുക്കാനും സമിതി ശിപാർശ ചെയ്തു. നിലവിൽ പാദ, അർധ, വാർഷിക പരീക്ഷകളാണുള്ളത്. ഇത് ഒക്ടോബറിൽ അർധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയുമാക്കി ചുരുക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. പാദ വാർഷിക പരീക്ഷ ഒഴിവാക്കുന്നത് വഴി അധിക അധ്യയന ദിനങ്ങളും ലഭിക്കും.
കഴിഞ്ഞ അധ്യയന വർഷം 25 ശനിയാഴ്ചകൾ അധ്യയന ദിനമാക്കി തയാറാക്കിയ വിദ്യാഭ്യാസ കലണ്ടർ ഹൈകോടതി റദ്ദാക്കിയതിനെ തുടർന്ന് നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. എൽ.പി ക്ലാസുകൾക്ക് ശനിയാഴ്ചകൾ അധ്യയന ദിനമാക്കേണ്ടതില്ലെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വർഷത്തിൽ 800 മണിക്കൂർ അധ്യയനമാണ് എൽ.പി ക്ലാസുകൾക്ക് നിർദേശിച്ചിരിക്കുന്നത്.
നിലവിലെ അധ്യയന ദിനങ്ങളിലൂടെ തന്നെ ഇത് നേടിയെടുക്കാൻ കഴിയും. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമത്തിൽ നിർദേശിച്ച പ്രകാരമുള്ള അധ്യയന മണിക്കൂർ നേടിയെടുക്കാനായി ഹൈസ്കൂളുകൾക്ക് നിലവിലുള്ള പ്രതിദിന അധ്യയന സമയത്തിൽ വെള്ളിയാഴ്ച ഒഴികെ ദിവസങ്ങളിൽ അര മണിക്കൂർ വർധനക്കും ശിപാർശ ചെയ്തിട്ടുണ്ട്.
ഇതുവഴി 1200 അധ്യയന മണിക്കൂർ വരെ നേടാൻ കഴിയും. സ്കൂളുകളിൽ രാവിലെയുള്ള ഇന്റർവെൽ സമയം പത്തും വൈകീട്ടുള്ള ഇന്റർവെൽ സമയം അഞ്ച് മിനിറ്റുമാണ്. വൈകീട്ടുള്ള ഇന്റർവെൽ സമയം കൂടി 10 മിനിറ്റാക്കി വർധിപ്പിക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. ഉച്ച ഇടവേള സമയത്തിൽ കുറവ് വരുത്തിയാകണം വൈകീട്ടുള്ള ഇന്റർവെല്ലിനുള്ള അധിക അഞ്ച് മിനിറ്റ് കണ്ടെത്തേണ്ടത്. സ്കൂൾ തലത്തിലുള്ള കലാകായിക മത്സരങ്ങളുടെ നടത്തിപ്പ് പരമാവധി ശനിയാഴ്ചകളിലേക്ക് മാറ്റണം. ഇതുവഴി അധ്യയനദിനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
ശനിയാഴ്ചകൾ അധ്യയന ദിനമാക്കുന്നതിൽ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഉൾപ്പെടെയുള്ളവർ എതിർത്തു. കൂടുതൽ ശനിയാഴ്ചകൾ അധ്യയന ദിനമാക്കുന്നത് കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള സമയമില്ലാതാക്കുമെന്നും അഭിപ്രായമുയർന്നു. റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.