സ്കൂൾ ബാഗിന്റെ ഭാരം കുറക്കും; അഭിപ്രായം തേടി മന്ത്രി; കിടിലൻ നിർദേശങ്ങളുമായി രക്ഷിതാക്കളും
text_fieldsകോഴിക്കോട്: കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏറ്റവും വലിയ ‘ഭാരം’ കുറക്കാനുള്ള ആശയം പങ്കുവെച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നതായും, ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നതായും മന്ത്രി ഫേസ് ബുക് കുറിപ്പിലൂടെ അറിയിച്ചു. ‘പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും’ -മന്ത്രി കുറിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ മന്ത്രി പങ്കുവെച്ച കുറിപ്പിൽ രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ പൊതുസമൂഹം സ്വാഗതം ചെയ്തുകൊണ്ട് മറുപടിയും നൽകി തുടങ്ങി.
കുട്ടികളുടെ പുസ്തകങ്ങൾ സ്കൂളിൽ സൂക്ഷിക്കാൻ സൗകര്യമൊരുക്കാമെന്നും, ഓരോ ദിവസവും പഠിക്കാനുള്ള പുസ്തകങ്ങൾ മാത്രം കൊണ്ടു പോകാനുള്ള സംവിധാനമൊരുക്കാമെന്നും രക്ഷിതാക്കൾ ചൂണ്ടികാട്ടുന്നു. വായനയും പഠന പ്രവർത്തനങ്ങളും ഏറെയും സ്കൂളിൽ നിന്നായാൽ വലിയ ടെക്സ്റ്റ് പുസ്തങ്ങൾ ദിനേനെ കൊണ്ടുപോവുന്നത് ഒഴിവാക്കാമെന്ന് മറ്റു ചിലർ ചൂണ്ടികാട്ടുന്നു.
നോട് പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കുക, ഒരുവർഷത്തെ ടെക്സ്റ്റ് പുസ്തകം രണ്ടായി നൽകുക, പുസ്തകങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയ മികച്ച നിർദേശങ്ങൾ പലരും പങ്കുവെക്കുന്നുണ്ട്.
എന്തായാലും കുട്ടികളുടെ പഠനത്തിനും ആരോഗ്യത്തിനും പരിഗണന നൽകികൊണ്ട് മന്ത്രി നിർദേശിച്ച ആശയത്തിന് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.