സ്കൂൾ സമയമാറ്റം: സമരം പ്രഖ്യാപിച്ച് സമസ്ത; അന്തിമ വിജയംവരെ പോരാട്ടം
text_fieldsസ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സമരപ്രഖ്യാപനവും വഖഫ് നിയമ ബോധവത്കരണവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്കൂൾ സമയമാറ്റം മുസ്ലിം സമുദായത്തിന്റെ മദ്റസ വിദ്യാഭ്യാസ സംവിധാനത്തെ സാരമായി ബാധിക്കുമെന്നും ഇതിനെതിരെ അന്തിമ വിജയം നേടുംവരെ പോരാടുമെന്നും സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചിച്ച് ഉത്തമ തീരുമാനമെടുക്കണമെന്നും സമരപ്രഖ്യാപനം നടത്തിയ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സർക്കാർ മതസംഘടനകളുമായി കൂടിയാലോചന നടത്തിയിട്ടില്ല. മുസ്ലിംകൾക്ക് മതവിദ്യാഭ്യാസം നിർബന്ധമാണ്. മദ്റസ സമയത്തിൽ ഒന്നും കുറക്കാൻ കഴിയില്ല. ഈ പഠനസമയത്തെ ബാധിക്കാത്ത രീതിയിൽതന്നെ സ്കൂൾ സമയം ക്രമീകരിക്കാവുന്നതാണ്. കൂടിയാലോചനയില്ലാതെ ഇത്തരമൊരു നീക്കം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടയതിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു.
ആഗസ്റ്റ് അഞ്ചിന് ജില്ലാ കലക്ടറേറ്റുകൾക്കു മുന്നിൽ ധർണ നടത്തും. പരിഹാരമായില്ലെങ്കിൽ സെപ്റ്റംബർ 30ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തും. സമരങ്ങൾക്ക് മുന്നോടിയായി ജൂലൈ 20നുമുമ്പ് ജില്ല കൺവെൻഷനുകളും 25നുമുമ്പ് റേഞ്ച് തല കൺവെൻഷനുകളും പൂർത്തിയാക്കും. സെപ്റ്റംബർ 30നുമുമ്പ് മഹല്ല്തല കൺവെൻഷനുകൾ ചേരുമെന്നും കൺവെൻഷൻ പ്രഖ്യാപിച്ചു.
പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു.
പാണക്കാട് ഹമീദലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ സംസ്ഥാന പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി, എസ്.കെ.എം.എം.എ വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സെക്രട്ടറിമാരായ പി.കെ. ഷാഹുല്‍ഹമീദ് മേല്‍മുറി, അഡ്വ. നാസര്‍ കാളമ്പാറ, കെ.എം. കുട്ടി എടക്കുളം, ഇബ്നു ആദം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി.എം അശ്റഫ്, ജംഇയ്യത്തുല്‍ ഖുത്വബാ ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവർ സംസാരിച്ചു. എസ്.കെ.എം.എം.എ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന് ഫൈസി പുത്തനഴി സ്വാഗതവും സെക്രട്ടറി കെ.പി. കോയ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.