സ്കൂൾ പ്രവൃത്തി ദിനം: തീരുമാനമെടുക്കാൻ രണ്ടുമാസം കൂടി അനുവദിച്ച് ഹൈകോടതി
text_fieldsകൊച്ചി: സ്കൂൾ പ്രവൃത്തിദിനങ്ങളുമായി ബന്ധപ്പെട്ട് കൂടിയാലോചിച്ച് തീരുമാനമെടുക്കാനുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാക്കാൻ ഹൈകോടതി സർക്കാറിന് രണ്ട് മാസത്തെ സമയം അനുവദിച്ചു. അധ്യാപക- വിദ്യാർഥി- സ്കൂൾ മാനേജ്മെന്‍റ് സംഘടനകളുടെ വിപുലമായ ഹിയറിങ് നടത്തിയശേഷം സർക്കാർ അന്തിമ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ മൂവാറ്റുപുഴ വീട്ടൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജറും പി.ടി.എ പ്രസിഡന്‍റും നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.
കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമവും കേരള വിദ്യാഭ്യാസ ചട്ടവും പ്രകാരം കുറഞ്ഞത് 220 പ്രവൃത്തി ദിനങ്ങൾ വേണമെന്ന വ്യവസ്ഥ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എബനേസർ സ്കൂൾ മാനേജർ സി.കെ. ഷാജിയും പി.ടി.എ പ്രസിഡൻറ് മോഹൻദാസ് സൂര്യനാരായണനും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്രവൃത്തിദിനങ്ങൾ 220 ആക്കി ഉയർത്താൻ നിർദേശിച്ച് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിനെത്തുടർന്ന് ശനിയാഴ്ചകൾ പ്രവൃത്തി ദിവസങ്ങളാക്കി വിദ്യാഭ്യാസ കലണ്ടർ പുനഃക്രമീകരിച്ചു. ഇതിനെതിരെ ചില അധ്യാപക സംഘടനകൾ ഹൈകോടതിയെ സമീപിച്ചപ്പോൾ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയത് സിംഗിൾ ബെഞ്ച് റദ്ദാക്കി. ബന്ധപ്പെട്ട കക്ഷികളെ കേട്ടശേഷം ഉചിതമായ തീരുമാനമെടുക്കാനും നിർദേശിച്ചു. എന്നാൽ, എബനേസർ സ്കൂൾ മാനേജറും പി.ടി.എ പ്രസിഡൻറും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. മുഴുവൻ കക്ഷികളെയും കേട്ട് ഉചിതമായ തീരുമാനം സ്വീകരിക്കാൻ നിർദേശിച്ച് 2024 സെപ്റ്റംബർ മൂന്നിന് ഡിവിഷൻ ബെഞ്ച് അപ്പീൽ തീർപ്പാക്കി. ഇതിലും നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹരജിയുമായി വീണ്ടും കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവ് നടപ്പാക്കാൻ രണ്ടുമാസം കൂടി അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. തുടർന്ന് സർക്കാറിന്‍റെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം കോടതിയലക്ഷ്യ കേസ് പുനരാരംഭിക്കാൻ ഹരജിക്കാരന് സ്വാതന്ത്ര്യം നൽകിയാണ് ഹരജി തീർപ്പാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.