മങ്കടയിലും സ്ഥാനാർഥിയെ പിൻവലിച്ച് എസ്.ഡി.പി.ഐ
text_fieldsമലപ്പുറം: മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായി പത്രിക നൽകിയ സി.എച്ച്. അഷ്റഫിനെ പിൻവലിച്ചു. ഇതോടെ മങ്കട മണ്ഡലത്തിൽ ആകെ സ്ഥാനാർഥികളുടെ എണ്ണം നാലായി കുറഞ്ഞു. യു.ഡി.എഫിനായി സിറ്റിങ് എം.എൽ.എ മഞ്ഞളാംകുഴി അലി, എൽ.ഡി.എഫ് സ്വതന്ത്രനായി മുസ്ലിം ലീഗിൽനിന്ന് പുറത്താക്കിയ കുന്നത്ത് മുഹമ്മദ്, എൻ.ഡി.എക്കായി ലിജോയ് പോൾ എന്നിവണ് മത്സരിക്കുന്നത്. മുന്നണി സ്ഥാനാർഥികൾക്ക് പുറമെ ഒരു സ്വതന്ത്രനും മത്സരിക്കുന്നുണ്ട്.
നേരത്തെ, മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നൽകിയ പത്രികയും എസ്.ഡി.പി.ഐ പിൻവലിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ എട്ട് മണ്ഡലങ്ങളിൽ മത്സരിക്കാനാണ് എസ്.ഡി.പി.ഐ തീരുമാനിച്ചിരുന്നത്. മങ്കടയിൽ പിൻവലിച്ചതോടെ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം ഏഴായി. കോട്ടക്കൽ, തവനൂർ, കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, പൊന്നാനി, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് മലപ്പുറം ജില്ലയിൽ എസ്.ഡി.പി.ഐ മത്സരിക്കുക. ഒമ്പത് മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐക്ക് സ്ഥാനാർഥികളില്ല. വേങ്ങരയിൽ ഇടത് സ്വതന്ത്രൻ സബാഹിനാണ് എസ്.ഡി.പി.ഐയുടെ പിന്തുണ.
ഫാഷിസത്തെ എതിർക്കുക എന്ന വിശാല താൽപര്യം മുൻനിർത്തിയാണ് മഞ്ചേശ്വരത്ത് പത്രിക പിൻവലിച്ചത്. മുസ്ലിം കോഓഡിനേഷൻ കൺവീനർ ഉൾപ്പെടെ വിവിധ മുസ്ലിം സംഘടനകൾ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 45 നിയോജക മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ മത്സരിക്കുന്നുണ്ട്. മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആർക്ക് വോട്ടു ചെയ്യുമെന്ന് പിന്നീട് പ്രഖ്യാപിക്കും. ബി.ജെ.പിയെ മഹത്ത്വവത്കരിച്ച മുസ്ലിം സംഘടനകളാണ് എസ്.ഡി.പി.ഐ മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ നിർത്തിയതിനെ വിമർശിക്കുന്നത്. സ്വന്തം വേദികളിൽ ബി.ജെ.പിയെ ക്ഷണിച്ചുവരുത്തി കാരക്ക നൽകിയവരാണവർ. ബി.ജെ.പിയേക്കാൾ അപകടകരം സി.പി.എമ്മാണെന്ന് പറഞ്ഞത് മുസ്ലിം ലീഗുകാരാണ്. പത്രിക പിൻവലിച്ചത് എസ്.ഡി.പി.ഐ നേതാക്കളുടെ ജയിൽ മോചനത്തിനാണ് എന്നും സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകുമെന്ന് ഭയന്നാണെന്നും പറയുന്നത് അസംബന്ധമാണ്. തങ്ങളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകണമെങ്കിൽ പാവപ്പെട്ടവർ ഇല്ലാതാകണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.ഡി.പിഐയെ തോൽപിക്കാൻ ബി.ജെ.പിക്ക് വോട്ടുചെയ്തവരാണ് ലീഗുകാർ. എസ്.ഡി.പി.ഐയുടെ നിലപാട് കേരളം ചർച്ച ചെയ്യട്ടെയെന്നും തങ്ങൾ പത്രിക നൽകിയതിലും പിൻവലിച്ചതിലും അവ്യക്തതയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
അതേസമയം, എസ്.ഡി.പി.ഐ സ്ഥാനാർഥിയായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ പത്രിക നൽകിയ കെ.എം. അഷ്റഫ് പത്രിക പിൻവലിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്ന് പാർട്ടി ജില്ല കമ്മിറ്റിയിൽനിന്ന് രാജിവെച്ചു. പത്രിക സമർപ്പിച്ചതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയർന്ന വിമർശനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ജില്ല കമ്മിറ്റി യോഗത്തിൽനിന്ന് കെ.എം. അഷ്റഫ് ഇറങ്ങിപ്പോയി.
യോഗത്തിൽനിന്ന് ഇറങ്ങിയ അഷ്റഫ് പത്രിക പിൻവലിച്ചശേഷം താൻ ജില്ല കമ്മിറ്റിയിൽനിന്ന് രാജിവെച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന നേതൃത്വമാണ് പത്രിക സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. അവർ തന്നെയാണ് പിൻവലിക്കാൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

