കൊച്ചിയിലെത്തിയെന്ന് കരുതുന്ന ശ്രീലങ്കൻ സംഘത്തിനായി തിരച്ചിൽ
text_fieldsഫോർട്ട്കൊച്ചി: കടൽവഴി പാകിസ്താനിലേക്ക് കടക്കാൻ 13 അംഗ ശ്രീലങ്കൻ സംഘം എത്തിയിട്ടുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് കൊച്ചി അഴിമുഖത്ത് ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസിെൻറ നേതൃത്വത്തിൽ ഉൗർജിത പരിശോധന.
കഴിഞ്ഞയാഴ്ചയാണ് ഇൻറലിജൻസിന് മുന്നറിയിപ്പ് ലഭിച്ചത്. ശ്രീലങ്കയിൽനിന്ന് അനധികൃതമായി വള്ളങ്ങളിലും ബോട്ടുകളിലും ഇവർ തമിഴ്നാട് തീരത്തിറങ്ങി അവിടെനിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയിട്ടുണ്ടാകുമെന്നാണ് നിഗമനം. കൊച്ചിയിൽനിന്ന് പാകിസ്താൻ ട്രോളറുകൾ വഴി അവിടേക്ക് പോകുമെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്.
എന്നാൽ, കേരളതീരത്ത് നിരീക്ഷണവും പരിശോധനയും ശക്തമായതിനാൽ പാകിസ്താൻ ട്രോളറുകൾ തീരത്തടുക്കാനിടയില്ലെന്നും ഉൾക്കടലിൽ എത്തി അവിടെനിന്ന് കടക്കാനാണ് സാധ്യതയെന്നും അധികൃതർ അനുമാനിക്കുന്നു. കൊച്ചിയിൽനിന്നുള്ള തമിഴ്നാട് ബോട്ടുകളിലോ തദ്ദേശബോട്ടുകളിലോ മത്സ്യത്തൊഴിലാളികൾ എന്ന വ്യാജേന കയറി ഉൾക്കടലിൽ കാത്തുകിടക്കുന്ന പാക് ബോട്ടുകളിൽ കയറിക്കൂടുകയാണ് പദ്ധതി. ഈ സാഹചര്യത്തിലാണ് പൊലീസും മറൈൻ എൻഫോഴ്സ്മെൻറുമെല്ലാം പരിശോധന ശക്തമാക്കിയത്.
കൊച്ചി അഴിമുഖത്ത് എൽ.എൻ.ജിക്ക് സമീപം കേന്ദ്രീകരിച്ചാണ് കോസ്റ്റൽ പൊലീസിെൻറ പരിശോധന. കൊച്ചിയിൽനിന്ന് മീൻപിടിത്തത്തിന് പോകുന്ന ബോട്ടുകൾ വിശദമായി പരിശോധിക്കുന്നുണ്ട്.
ഞായറാഴ്ച 54 ബോട്ടും തിങ്കളാഴ്ച 27 ബോട്ടും പൊലീസ് പരിശോധിച്ചു. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ സുനുകുമാർ, എസ്.ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.