കടവിലെ പാറയിൽ കയറിനിൽക്കവെ പുഴയിൽവീണ പത്തുവയസുകാരിക്കായി വീണ്ടും തിരച്ചിൽ
text_fieldsകൊടുവള്ളി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനെ കണ്ടെത്താനായി തിരച്ചിൽ പുനരാരംഭിച്ചു. പുഴയിൽ ആഴമുള്ള സ്ഥലങ്ങളും പാറക്കെട്ടുകളും അരികുകളും വിശദമായി പരിശോധന നടത്തുന്ന രീതിയിലാണ് അഗ്നി സേനയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്.
വെള്ളിയാഴ്ച നാലോടെയാണ് പാലത്തിനു സമീപം വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടത്. മലയോരമേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് ചെറുപുഴയിൽ കുത്തൊഴുക്കായിരുന്നു കലങ്ങിയ വെള്ളവും തിരച്ചിലിന് തടസ്സമായി. രാത്രിയോടെ തിരച്ചിൽ നിർത്തിവെച്ചു. ഇന്ന് പുഴയിൽ നീരൊഴുക്ക് കുറയുകയും കലങ്ങിയ വെള്ളം തെളിയുകയും ചെയ്തിട്ടുണ്ട്.
പൊന്നാനി ഗേൾസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് തൻഹ. പിതാവ് മുർഷിദ് കോഴിക്കോട് കൊടുവള്ളി സ്വാദേശിയും മാതാവ് പൊന്നാനി സ്വദേശിയുമാണ്. ഏറെക്കാലമായി പൊന്നാനിയിലായിരുന്നു താമസം. മാസങ്ങൾക്കു മുമ്പ് വീണ്ടും കൊടുവള്ളിയിൽ താമസമാക്കിയെങ്കിലും തൻഹ ഷെറിൻ പൊന്നാനിയിൽ തന്നെയാണ് പഠിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പിതൃസഹോദരന്‍റെ വിവാഹം നടന്നിരുന്നു. തുടർന്ന് വീട്ടിലെ തുണികൾ അലക്കാനായി കാറിൽ മാതാവും 12 കാരനായ സഹോദരനും, പിതൃസഹോദരനും ഭാര്യയും കടവിൽ എത്തുകയായിരുന്നു. കടവിലെ പാറയിൽ നിൽക്കുകയായിരുന്ന തൻഹ പുഴയിലേക്ക് വീണപ്പോൾ ആദ്യം പിടിക്കാനായി ചാടിയത് 12 കാരനായിരുന്നു, എന്നാൽ ചുഴിയിൽപ്പെട്ട കുട്ടിയെ പിതൃസഹോദരൻ രക്ഷഷപ്പെടുത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.