യാക്കോബായ സഭയുടെ ശക്തി വിളിച്ചോതി രണ്ടാം കൂനൻകുരിശ് സത്യം
text_fieldsകോതമംഗലം: യാക്കോബായ സഭയുടെ ശക്തി വിളിച്ചോതി കോതമംഗലത്ത് രണ്ടാം കൂനൻകുരിശ് സത്യം. യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുമെന്ന് മട്ടാഞ്ചേരിയിലെ പള്ളിക്കുരിശിൽ ആലത്ത് (കയർ) കെട്ടി നൂറ്റാണ്ടുകൾക്കുമുമ്പ് നടത്തിയ വിശ്വാസപ്രഖ്യാപനത്തിെൻറ ആവർത്തനമായിരുന്നു കോതമംഗലത്ത് ഞായറാഴ്ച വൈകീട്ട് നടന്നത്. കോതമംഗലം ചെറിയ പള്ളിയിൽ കൽക്കുരിശിൽ ആലത്ത് കെട്ടി പതിനായിരക്കണക്കിന് യാക്കോബായ വിശ്വാസികൾ രണ്ടാം കൂനൻകുരിശ് സത്യത്തിൽ പങ്കെടുത്തു. പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം കുരിശിൽ കെട്ടിയ കയറുമായി ആലുവ-മൂന്നാർ റോഡിൽ വലതുവശം ചേർന്ന് നാല് കിലോമീറ്ററോളം നീളത്തിൽ നെല്ലിക്കുഴി കനാൽപാലം വരെ അണിനിരന്നു.
വിശ്വാസം കൈവിടില്ലെന്നും പള്ളികൾ വിട്ടുകൊടുക്കില്ലെന്നും പ്രഖ്യാപിച്ച് മഴയിലും സ്ത്രീകളും കുട്ടികളുമടക്കം വിശ്വാസപ്രഖ്യാപനത്തിൽ കണ്ണിയായി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവയുടെ അസാന്നിധ്യത്തിൽ വൈകീട്ട് നാലിന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനി വിശ്വാസപ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ വിശ്വാസികൾ ഏറ്റുചൊല്ലി.
മെത്രാപ്പോലീത്തമാരായ ഏലിയാസ് മോർ അത്താനാസിയോസ്, ഐസക് മോർ ഒസ്താത്തിയോസ്, മാത്യൂസ് മോർ അപ്രം, ഗീവർഗീസ് മോർ ബർന്നബാസ്, ഏലിയാസ് മോർ യൂലിയോസ്, പൗലോസ് മോർ ഐറിനേയോസ്, കുര്യാക്കോസ് മോർ ക്ലീമീസ് സഭ സെക്രട്ടി പീറ്റർ കെ. ഏലിയാസ്, എം.എൽ.എമാരായ ആൻറണി ജോൺ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
ഒരു ദേവാലയവും ഇനി നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കണമെന്ന് കാതോലിക്ക ബാവ
കോതമംഗലം: ഒരു ദേവാലയവും ഇനി നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രമിക്കണമെന്ന് കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ. കോതമംഗലം ചെറിയപള്ളിയിൽ നടന്ന രണ്ടാം കൂനൻകുരിശ് സത്യത്തിൽ വായിച്ച ബാവയുടെ കൽപനയിലാണ് അഭ്യർഥന. സഭ നിർണായക നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. പൂർവപിതാക്കൾ പകർന്ന വിശ്വാസങ്ങൾ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.
വിശ്വാസികൾ പടുത്തുയർത്തിയ ദേവാലയങ്ങൾ കോടതിവിധിയുടെ മറവിൽ മറുവിഭാഗം കൈയേറുന്നത് നോക്കിനിൽക്കാൻ നമുക്ക് സാധിക്കില്ല. നമ്മുടെ പൂർവപിതാക്കൾ സത്യവിശ്വാസം ചോദ്യംചെയ്യപ്പെട്ടപ്പോൾ മട്ടാഞ്ചേരിയിൽ കുരിശിൽ ആലത്ത് കെട്ടി ഏറ്റുചൊല്ലിയ വിശ്വാസം രണ്ടാം കൂനൻകുരിശ് സത്യമായി നടത്തപ്പെടുകയാണ്-ബാവ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.