അഭിഭാഷക ചമഞ്ഞ് തട്ടിപ്പ് നടത്തിയ സെസി സേവ്യർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
text_fieldsആലപ്പുഴ: അഭിഭാഷക ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ സെസി സേവ്യറെ എട്ടുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഈമാസം 12നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
വിശദമായ ചോദ്യംചെയ്യൽ ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. രമേശ്കുമാർ പറഞ്ഞു. ഡൽഹി, ഇന്ദോർ അടക്കമുള്ള സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി വ്യക്തമായിട്ടുണ്ട്. എത്തിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും. വിമാനമാർഗം കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങളും ആലോചനയിലുണ്ട്. മതിയായ യോഗ്യതയില്ലാതെ വ്യാജരേഖകൾ ഉപയോഗിച്ച് അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് രാമങ്കരി നീണ്ടിശ്ശേരി വീട്ടിൽ സെസി സേവ്യറിനെതിരെ (29) സൗത്ത് പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. രണ്ടുവര്‍ഷത്തോളം ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിൽ വിജയിച്ചു. നിരവധി കേസുകളില്‍ ഇവരെ അഭിഭാഷക കമീഷനായും നിയമിച്ചു. ഇതിനിടെയാണ് സെസിക്ക് നിയമബിരുദമില്ലെന്നും വ്യാജരേഖകള്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് കാണിച്ച് ബാര്‍ അസോസിയേഷന് ഊമക്കത്ത് ലഭിച്ചത്. രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി പരാതി നൽകിയതോടെ ഒളിവിൽ പോകുകയായിരുന്നു. ഈമാസം 25ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സെസി സേവ്യർ കീഴടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.