വരുമാന നികുതിയടക്കാത്തവരുടെ വിവരം തേടൽ: രണ്ട് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: വരുമാന നികുതിയടക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപകരായ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ളവരുടെ വിവരങ്ങൾ തേടി സർക്കുലർ അയച്ച സംഭവത്തിൽ സസ്പെൻഷനിലായ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ രണ്ട് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് കെ. മനോജ്, ജൂനിയർ സൂപ്രണ്ട് അപ്സര അശോക് സൂര്യ എന്നിവരെയാണ് സർവിസിൽ പുനഃപ്രവേശിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. നടപടിയെ തുടർന്ന്, ഇരുവരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്.
വിവരംതേടി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് കത്ത് നൽകിയെങ്കിലും വീഴ്ച ശ്രദ്ധയിൽപെട്ട ഉടനെ പരിഹരിക്കാൻ ഇരുവരും സത്വര നടപടിയെടുത്തെന്നും ചൂണ്ടിക്കാട്ടി ഡയറക്ടർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് നടപടി പിൻവലിച്ചത്. സർക്കുലർ നിർദേശം പാലിക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് അറിയിച്ചിട്ടും മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസർ ഗീതാകുമാരി നിർദേശം താഴെയുള്ള സ്കൂളുകളിലേക്ക് നൽകുകയായിരുന്നെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനെ തുടർന്ന് അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് എ.കെ. ഷാഹിന നിർദേശം അധികാര പരിധിക്കുള്ളിലെ സ്കൂളുകളിലേക്ക് അയക്കുകയും ചെയ്തു. ഡയറക്ടറുടെ ഓഫിസിലുള്ളവർക്ക് ആദ്യഘട്ടത്തിൽ പിഴവ് സംഭവിച്ചെങ്കിലും തിരുത്തൽ നടപടി സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കുമെതിരെയുള്ള സസ്പെൻഷൻ പിൻവലിച്ചത്. ആദ്യ സർക്കുലറിൽ തുടർനടപടി വേണ്ടതില്ലെന്ന കത്ത് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ സെക്ഷൻ ക്ലാർക്ക് ബന്ധപ്പെട്ട ഫയലിൽ ഉൾപ്പെടുത്തി സെക്ഷൻ സൂപ്രണ്ടിനും അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റിനും ജില്ല വിദ്യാഭ്യാസ ഓഫിസർക്കും സമർപ്പിച്ചെങ്കിലും ഇവർ സമയബന്ധിതമായി തീരുമാനമെടുത്തില്ലെന്നും ഉത്തരവിൽ പറയുന്നു.
ഇവരുടെ ഭാഗത്തുണ്ടായ വീഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിനെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ വഴിയൊരുക്കിയെന്നും മൂന്നുപേരുടെ പേരിൽ നടപടിയെടുക്കാനും ഡയറക്ടർ ശിപാർശ സമർപ്പിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയന്റ് സെക്രട്ടറി ബി.ടി. ബിജുകുമാറിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് വീഴ്ച സംഭവിച്ചവർക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.