രഹസ്യരേഖകൾ കടത്തുന്നു; എം.ജി വി.സിക്കെതിരെ പരാതി നൽകി സെനറ്റ് അംഗങ്ങൾ
text_fieldsഎം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്
കോട്ടയം: മാർക്ക് ലിസ്റ്റിന്റെ കൗണ്ടർ ഫോയിൽ ഉൾപ്പെടെ രഹസ്യസ്വഭാവമുള്ള രേഖകൾ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ഗവർണർക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകി സെനറ്റ് അംഗങ്ങൾ.
കെ.പി.സി.ടി.എ ഭാരവാഹികളും സെനറ്റ് അംഗങ്ങളുമായ ഡോ. സജിത് ബാബു, ഡോ. ഷിജോ കെ. ചെറിയാൻ, ഡോ. സിറിയക് ജോസ് എന്നിവരാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പരീക്ഷാഭവനിൽ മിന്നൽ പരിശോധന നടത്തിയ വൈസ് ചാൻസലർ ഡി.മാവൂത് മാർക് ലിസ്റ്റുകളുടെ കൗണ്ടർ ഫോയിലുകൾ ഉൾപ്പെടെ രഹസ്യസ്വഭാവമുള്ള രേഖകൾ എടുത്തുകൊണ്ടുപോയിരുന്നു.
മുൻകൂർ അറിയിപ്പ് ഇല്ലാതെയും പരീക്ഷ കൺട്രോളറെ അറിയിക്കാതെയുമാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർക്ക് പോലും പ്രവേശന നിയന്ത്രണമുള്ള സെക്ഷനുകളിൽ നിന്ന് രഹസ്യസ്വഭാവമുള്ള രേഖകൾ എടുത്തുകൊണ്ടു പോകുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. സംഘ്പരിവാർ രാഷ്ട്രീയം ഉപയോഗിച്ച് സർവകലാശാല നിയമങ്ങളെ കാറ്റിൽ പറത്താനുള്ള വി.സിയുടെ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഒപ്പം നിയമപരമായും നേരിടുമെന്നും കെ.പി.സി.ടി.എ എം.ജി മേഖല യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറിമാരായ ഡോ. കെ. സിന്ധു, ഡോ. കെ.പി. സുനി, അംഗം ഡോ. പ്രവീൺ സാകല്യ, മേഖല സെക്രട്ടറി ഡോ. എസ്. സെൽവൻ, കോട്ടയം ജില്ല കമ്മിറ്റി പ്രസിഡന്റ് ഡോ. സിറിയക് ജോസ്, സെക്രട്ടറി. ഡോ. പി.ആർ. ജയകൃഷ്ണൻ, പത്തനംതിട്ട ജില്ല സെക്രട്ടറി ജോസഫ് കുരുവിള, എറണാകുളം ജില്ല പ്രസിഡന്റ് ഡോ. ടി.ജി. അബി, സെക്രട്ടറി ഡോ. രതീഷ് സി. നായർ, മീഡിയാസെൽ കൺവീനർ ഡോ. നിബുലാൽ വെട്ടൂർ, കോ ഓഡിനേറ്റർ ഡോ. ജിൽസ് എം. ജോർജ് എന്നിവർ സംസാരിച്ചു.

