മുതിർന്നവരെ കേൾക്കാൻ വൈകില്ല; കലക്ടറേറ്റുകളിൽ വയോജന സെല്ലുകൾ ഉടൻ
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: മുതിർന്ന പൗരന്മാരുടെ പരാതികൾക്കും ആവശ്യങ്ങൾക്കും ഉത്തരവാദിത്തപൂർണമായ സമീപനവും പെട്ടെന്നുള്ള പരിഹാരവും ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലും ജില്ലതല വയോജന സെല്ലുകൾ വരുന്നു. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. വയോജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി സാമൂഹ്യനീതി ഡയറക്ടറാണ് നിർദേശം സർക്കാറിന് സമർപ്പിച്ചത്. സെല്ലുകൾ ഉടൻ രൂപവത്കരിക്കാൻ സർക്കാർ ഉത്തരവിറക്കി.
ജില്ല കലക്ടറുടെ ഭരണപരമായ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെല്ലുകളൂടെ ഓഫിസറായി ജില്ല കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ടിന്റെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കും. മുതിർന്ന പൗരന്മാരിൽനിന്ന് ലഭിക്കുന്ന പരാതികൾ സെല്ലിൽ നേരിട്ടോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ രജിസ്റ്റർ ചെയ്യുകയും ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പരിഹാരം കാണുകയുമാണ് ലക്ഷ്യം.
സെല്ലിന്റെ പ്രവർത്തനം നിരീക്ഷിക്കാനും പരാതി പരിഹാരത്തിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും നിരീക്ഷണ സമിതികളും രൂപവത്കരിക്കും. ജില്ല കലക്ടർ അധ്യക്ഷനായ നിരീക്ഷണ സമിതിയിൽ ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല വനിത-ശിശുവികസന ഓഫിസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ല വയോജനക്ഷേമ ഓഫിസർ, ജില്ലതല വയോജന സെൽ ഓഫിസർ എന്നിവർ അംഗങ്ങളായുണ്ടാകും. നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കാൻ കഴിയാത്തതോ ഉയർന്ന തലത്തിലുള്ള ഇടപെടൽ ആവശ്യമായതോ ആയ പരാതികൾ നിരീക്ഷണ സമിതി പരിശോധിച്ച് തുടർ നടപടിയെടുക്കും. ഈ സമിതി വർഷത്തിൽ കുറഞ്ഞത് രണ്ട് തവണ യോഗം ചേരണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

