രേഖ ചോർച്ച അന്വേഷണത്തിൽ തെറ്റായ പ്രചാരണം -മുഖ്യമന്ത്രി
text_fieldsസീനിയർ ജേണലിസ്റ്റ് ഫോറം ദേശീയ സമ്മേളനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: സർക്കാർ തലത്തിലെ രഹസ്യ രേഖ ചോർന്നതിലുള്ള അന്വേഷണത്തെ മാധ്യമ സ്വാതന്ത്ര്യം അപകടത്തിൽപെടുത്താനുള്ള നീക്കമെന്ന് പറഞ്ഞ് തെറ്റായ പ്രചാരണം അഴിച്ചുവിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സീനിയർ ജേണലിസ്റ്റ് ഫോറം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ തലത്തിലെ രഹസ്യ രേഖ ചോർന്നാൽ അതന്വേഷിച്ച് മനസ്സിലാക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. ഇക്കാര്യത്തിൽ ഏതെങ്കിലും മാധ്യമത്തെയോ മാധ്യമപ്രവർത്തകനെയോ വിളിച്ചു ചോദിക്കുകയോ വിളിക്കാൻ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരുകൂട്ടം മാധ്യമങ്ങൾ എൽ.ഡി.എഫ് സർക്കാറിനെ കരിവാരിത്തേക്കാൻ തുടർച്ചയായി ശ്രമിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യത്തിന് ഒരു ഹാനിയും സംഭവിക്കരുത് എന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.
രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും മാധ്യമ സാന്നിധ്യവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പുള്ള സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാഗത പ്രസംഗത്തിൽ കേരളത്തിലും മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നുവെന്ന തരത്തിൽ പരാമർശമുണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു, ‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിച്ചതിലെ രഹസ്യ കത്ത് ചോർന്നതിലുള്ള അന്വേഷണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രസിഡന്റ് അലക്സാണ്ടർ സാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. വിജയ കുമാർ, എ. മാധവൻ, എം.പി. അച്യുതൻ എന്നിവർ സംസാരിച്ചു. ജോൺ മുണ്ടക്കയം സ്വാഗതവും ജനറൽ കൺവീനർ കരിയം രവി നന്ദിയും പറഞ്ഞു. ദേശീയ മാധ്യമ സെമിനാർ കോളമിസ്റ്റ് സെവന്തി നൈനാൻ ഉദ്ഘാടനം ചെയ്തു. ഡോ. അച്യുത് ശങ്കർ, സുഹാസിനി പ്രഭു ഗാവോങ്കർ, പി.വി. ഹരി കൃഷ്ണൻ, എം. സരിത വർമ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.