സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ഗുരുതര അച്ചടക്കലംഘനം: മുൻ എം.എൽ.എ ജോർജ് എം. തോമസിനെ സി.പി.എം സസ്പെൻഡ് ചെയ്തു
text_fieldsകോഴിക്കോട്: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ തിരുവമ്പാടി എം.എൽ.എയുമായ ജോർജ് എം. തോമസിനെതിരെ പാർട്ടി നടപടി. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ഗുരുതര അച്ചടക്കലംഘനം ആരോപിച്ച് പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയാണുണ്ടായത്. നിരവധി ആരോപണങ്ങൾ ഉയർന്നതോടെ പാർട്ടി തിരുവമ്പാടി ഏരിയ കമ്മിറ്റി വിഷയങ്ങൾ ജില്ല നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗമായതിനാൽ ജില്ല സെക്രട്ടറി പി. മോഹനൻ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലുംപെടുത്തി. ഇതോടെ ആരോപണങ്ങൾ അന്വേഷിക്കാൻ കെ.കെ. മുഹമ്മദ്, കെ.കെ. ദിനേശൻ എന്നിവരടങ്ങിയ രണ്ടംഗ കമീഷനെ പാർട്ടി നിയോഗിച്ചു. ഇവരുടെ കണ്ടെത്തലുകൾ കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെ നടപടിയെടുക്കാനായിരുന്നു യോഗതീരുമാനം. പിന്നാലെയാണ് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി ശിപാർശ അംഗീകരിച്ചത്.
സസ്പെൻഷനൊപ്പം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം മാറ്റിനിർത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കർഷകസംഘം ജില്ല സെക്രട്ടറി അടക്കം, പോഷക സംഘടന ഭാരവാഹിത്വങ്ങളിൽനിന്നും ഒഴിവാക്കും. കോടഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റിയുമായി ബന്ധപ്പെട്ടാണ് നേതാവിനെതിരെ പാർട്ടി അംഗങ്ങളിൽനിന്നടക്കം പ്രധാനമായും പരാതി ഉയർന്നത്. പാർട്ടിയോട് ആലോചിക്കുകപോലും ചെയ്യാതെ ബന്ധുക്കളായ കോൺഗ്രസുകാരെ ഉൾപ്പെടെ മുന്നിൽനിർത്തി സൊസൈറ്റിയുണ്ടാക്കി. സി.പി.എം നേതാവ് എന്ന നിലയിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി സൊസൈറ്റിക്ക് അനധികൃത ഒത്താശകൾ ചെയ്തു. അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടൽ നടത്തിയത് ജനങ്ങൾക്കിടയിൽ പാർട്ടിക്കുപോലും ചീത്തപ്പേരുണ്ടാക്കിയെന്നും ക്വാറി ഉടമകളുടെ രക്ഷാധികാരിയായി പ്രവർത്തിച്ച് വലിയ തോതിൽ സൗജന്യങ്ങൾ പറ്റിയെന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
മത്തായി ചാക്കോയുടെ പിന്മുറക്കാരനായി വന്ന് മലയോരമേഖലയിൽ പാർട്ടിയുടെ മുഖമായി മാറിയ ആളാണ് ജോർജ് എം. തോമസ്. ഈ ബലത്തിലായിരുന്നു പാർട്ടി തിരുവമ്പാടി സീറ്റ് നൽകി എം.എൽ.എ ആക്കിയത്. ഡി.വൈ.എഫ്.ഐ നേതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ജോർജ് എം. തോമസ് ലവ് ജിഹാദ് ആരോപണമുന്നയിച്ചത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. പിന്നീട് തിരുത്തിയെങ്കിലും പാർട്ടി ഇദ്ദേഹത്തെ ശാസിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.