പിണറായിക്കും റിയാസിനും വൻ തിരിച്ചടി: മാസപ്പടിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മരുമകൻ പി.എ. മുഹമ്മദ് റിയാസിനും മകൾ ടി. വീണക്കും ഹൈകോടതിയിൽനിന്ന് വൻ തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
കെ.എം. ഷാജഹാൻ നൽകിയ ഹരജി പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്.
കേസിൽ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയാൽ മതിയെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിലപാട്. എന്നാൽ ഇ.ഡി സീൽ ചെയ്ത കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച കോടതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള വ്യക്തമായ വിവരങ്ങളും വസ്തുതകളും ഇതിലുണ്ടെന്ന് കണ്ടെത്തി. സർക്കാരിന്റെ പ്രാഥമിക പരിശോധന എന്ന നിലപാടിനെ തള്ളിയാണ് കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത്.
ഹൈകോടതി ഉത്തരവോടെ പിണറായിയും റിയാസും വീണയും കേസിൽ പ്രതിസ്ഥാനത്തേക്ക് വരികയും അന്വേഷണം നേരിടേണ്ടി വരികയും ചെയ്യും. സംസ്ഥാന വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതോടെ, കള്ളപ്പണം തടയൽ (പി.എം.എൽ.എ) നിയമപ്രകാരം പുതിയ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിക്കും.
നേരത്തെ നിലനിന്നിരുന്ന നിയമതടസ്സങ്ങൾ മാറിയതോടെ കേന്ദ്ര ഏജൻസിക്ക് കേസിൽ കൂടുതൽ കർശന നടപടികളിലേക്ക് കടക്കാനാകും. അതേസമയം, ഹൈകോടതിയുടെ ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമോ അതോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമോ എന്നതാണ് ഇനി അറിയേണ്ടത്.
പ്രാഥമികാന്വേഷണം: സർക്കാർ വാദം സിംഗിൾബെഞ്ച് തള്ളിയത് സുപ്രീം കോടതി വിധികളടക്കം ചൂണ്ടിക്കാട്ടി
കൊച്ചി: മാസപ്പടി കേസിൽ പ്രാഥമികാന്വേഷണത്തെ ന്യായീകരിച്ചുള്ള സർക്കാർ വാദങ്ങളെ തള്ളിയാണ് ഹൈകോടതി ഉത്തരവുണ്ടായത്. ഇ.ഡിയെ അന്വേഷണ ഏജൻസിയായി കാണാനാകില്ലെന്നും അവർ സമർപ്പിച്ച റിപ്പോർട്ടിലെ വസ്തുതകൾ ഉറപ്പിക്കാൻ പ്രാഥമിക അന്വേഷണം വേണമെന്നുമായിരുന്നു സർക്കാറിന്റെ ഒരു വാദം.
എന്നാൽ, കള്ളപ്പണ കേസ് അന്വേഷിക്കാൻ അധികാരപ്പെട്ട ഏജൻസിയാണ് ഇ.ഡിയെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അഴിമതി തടയൽ നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന്റെ തെളിവുകൾ ലഭിച്ചപ്പോൾ അത് പൊലീസ് മേധാവിക്ക് കൈമാറുകയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണത്തിനിടെ മറ്റേതെങ്കിലും നിയമലംഘനത്തിന്റെ തെളിവുകൾ ലഭിച്ചാൽ തുടർ നടപടികൾക്കായി ഉചിതമായ ഏജൻസിക്ക് കൈമാറാമെന്ന് പി.എം.എൽ.എ നിയമത്തിൽ വ്യവസ്ഥയുണ്ട്. തെളിവുകൾ ആദ്യം തന്നെ ലഭ്യമായാൽ പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമില്ലെന്ന വിജയ് മദൻലാൽ ചൗധരി കേസിലെ കോടതി വിധികളടക്കം ഉദ്ധരിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേസുമായി ബന്ധമില്ലാത്ത ഹരജിക്കാരന് ഇത്തരമൊരു ഹരജി നൽകാനാവില്ലെന്നും ഹരജി നിലനിൽക്കില്ലെന്നുമുള്ള വാദവും സർക്കാർ ഉയർത്തിയിരുന്നു. നേരത്തെ ഹൈകോടതി ജഡ്ജിമാർക്കെതിരായ പരാമശത്തിന്റെ പേരിൽ കോടതിയലക്ഷ്യ നടപടി നേരിട്ടയാളാണെന്നും ചുണ്ടിക്കാട്ടി.
എന്നാൽ, അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന പൊതു പ്രവർത്തകനാണ് ഹരജിക്കാരനെന്നും നേരിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ രണ്ട് നിവേദനങ്ങളിലും നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

