കൃഷിയിടം വാങ്ങാൻ പോയ മലയാളികളെ ആക്രമിച്ച് പണവും കാറും തട്ടിയെടുത്തു
text_fieldsകുമളി: തമിഴ്നാട്ടിലെ തേനി ജില്ലയിൽ ഗൂഡല്ലൂരിൽ കൃഷിയിടം വാങ്ങാൻപോയ യുവാക്കളെ ആക്രമിച്ച് കാറും പണവും മൊബൈൽ ഫോണുകളും തട്ടിയ അക്രമിസംഘത്തിലെ ഏഴുപേർ പൊലീസ് പിടിയിലായി. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ജെബിൻ ജേക്കബ് (27), ഡാനിയേൽ (28) എന്നിവരെയാണ് 11 അംഗ സംഘം ആക്രമിച്ച് പണം തട്ടിയത്. ഗൂഡല്ലൂർ എം.ജി.ആർ കോളനിയിൽ മരുതുപാണ്ടി (37), ഗോവിന്ദരാജ് (46), ശെൽവം (46), മഹേശ്വരൻ (38), ഭാരതിരാജ (35), മഹേഷ് (41), പിച്ചൈ (65) എന്നിവരെയാണ് ഗൂഡല്ലൂർ ഇൻസ്പെക്ടർ പിചൈപാണ്ട്യനും സംഘവും അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സ്വദേശിയായ ഡാനിയേൽ സ്ഥലം വാങ്ങാൻ സുഹൃത്തുക്കളായ ജെബിൻ ജേക്കബ്, അജയ്, ആൻസൺ എന്നിവർക്കൊപ്പമാണ് കാറിൽ ഗൂഡല്ലൂരിൽ എത്തിയത്. ദേശീയപാതയിലെ പെട്രോൾ പമ്പിനുസമീപം മരുതുപാണ്ടിയും മറ്റൊരാളും കാത്തുനിന്നിരുന്നു. വാഹനത്തിൽനിന്ന് അജയ്, ആൻസൺ എന്നിവരെ ഇറക്കിയശേഷം മരുതുപാണ്ടിയും സുഹൃത്തും കാറിൽ കയറിയാണ് കാഞ്ചിമരത്തുറൈക്ക് സമീപത്തെ തോട്ടത്തിൽ എത്തിയത്.
ഇവിടെ പതുങ്ങിനിന്ന ആക്രമിസംഘം വാഹനം തടഞ്ഞ് ഇരുവരെയും ആക്രമിച്ചു. വാഹനത്തിലുണ്ടായിരുന്ന 40,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ തട്ടിയെടുത്തു. ഇരുവരെയും മർദിക്കുകയും കമ്പിവടിക്ക് അടിക്കുകയുംചെയ്ത ശേഷം ഡാനിയേലിന്റെ ഫോണിൽനിന്ന് ഗൂഗ്ൾപേ വഴി 30,000 രൂപ കൂടി മരുതുപാണ്ടിയുടെ അക്കൗണ്ടിലേക്ക് വാങ്ങി. പിന്നീട് കാറും തട്ടിയെടുത്ത് അക്രമിസംഘം സ്ഥലം വിടുകയായിരുന്നെന്ന് യുവാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തിരികെ നടന്ന് ടൗണിലെത്തി ബസിൽ നാട്ടിലെത്തിയ ശേഷമാണ് ഇരുവരും പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഇതോടെയാണ് ശനിയാഴ്ച നടന്ന സംഭവം പുറംലോകമറിഞ്ഞത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. വാഹനവും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഒളിവിലായ മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.