കലക്ടറേറ്റില്‍ തേനീച്ച കുത്തേറ്റ് ഏഴുപേര്‍ ആശുപത്രിയില്‍
text_fieldsതിരുവനന്തപുരം: കലക്ടറേറ്റില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്നുള്ള പരിശോധനക്കിടെ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ചൊവ്വാഴ്ച ഉച്ചക്ക് പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ഭീഷണി ഉണ്ടായത്. കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലിലാണ് ലഭിച്ചത്. ജീവനക്കാര്‍ വിവരം ഫയര്‍ഫോഴ്സിലും പേരൂര്‍ക്കട പൊലീസിലും ബോംബ് സ്ക്വാഡിനെയും അറിയിച്ചു. ഉച്ചക്ക് രണ്ടോടെ സേനയെ കലക്ടറേറ്റ് പരിസരത്ത് വിന്യസിച്ചു. പിന്നാലെ പേരൂര്‍ക്കട പൊലീസും ബോംബ് സ്ക്വാഡും എത്തി.
കലക്ടറേറ്റില്‍ പരിശോധന തുടര്ന്നപ്പോള്തന്നെ ജീവനക്കാരെല്ലാം പുറത്തിറങ്ങി. പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിലെ തേനീച്ചക്കൂട് ഇളകി വീണു. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും കലക്ടറേറ്റ് ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും തേനീച്ചകുത്തേറ്റു. സാരമായി പരിക്കേറ്റ ഏഴുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 പേര് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബോംബ് പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് കലക്ടര്‍ അനുകുമാരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.