ഒടുവിൽ പൊലീസ് ഉണർന്നു; സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടയാൾക്കെതിരെ ലൈംഗികാതിക്രമകുറ്റവും
text_fieldsതിരുവനന്തപുരം: മ്യൂസിയത്തിന് സമീപം സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടയാൾക്കെതിരെ ലൈംഗികാതിക്രമകുറ്റവും ചുമത്തി. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടുന്നതിലും കേസെടുക്കുന്നതിലും മ്യൂസിയം പൊലീസ് കാട്ടിയ അലംഭാവം വിവാദമായതിനെ തുടർന്നാണ് ലൈംഗികാതിക്രമകുറ്റം ചുമത്തിയത്. പൊലീസിന്‍റെ വീഴ്ചക്കെതിരെ പരാതിക്കാരി പരസ്യമായി രംഗത്തെത്തി.
ബുധനാഴ്ച പുലർച്ച അഞ്ചോടെ മ്യൂസിയത്തിൽ നടക്കാനെത്തിയ സ്ത്രീക്കുനേരെയാണ് ആക്രമണമുണ്ടായത്. അക്രമിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമിയെ പിടികൂടാൻ സ്ത്രീ പിന്നാലെ ഓടുന്നതും നിലത്ത് വീഴുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. കാറിലെത്തിയയാളാണ് അതിക്രമം കാട്ടിയത്. എൽ.എം.എസിന് സമീപം കാർ പാർക്ക് ചെയ്തശേഷം എത്തിയ അക്രമി സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നത്രേ.
അവർ ബഹളം വെച്ചതിനെ തുടർന്ന് മ്യൂസിയം വളപ്പിലേക്ക് ഓടിക്കയറി. പിന്നാലെ സ്ത്രീയും ഓടി. പിന്നീട് മ്യൂസിയത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു. അപ്പോൾതന്നെ പരിശോധന നടത്തിയിരുന്നെങ്കിൽ അക്രമിയെ പിടിക്കാമായിരുന്നു. തുടർന്ന് മ്യൂസിയം പൊലീസിൽ പരാതി നൽകി. പൊലീസിൽനിന്ന് തണുപ്പൻ സമീപനമാണുണ്ടായത്. ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാർ നമ്പർ വെച്ച് പ്രതിയെ കണ്ടെത്താനാകില്ലേ എന്ന് ചോദിച്ചപ്പോൾ മ്യൂസിയത്തിലെ പല കാമറകളും പ്രവർത്തനക്ഷമമല്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. മൂന്നുവർഷം മുമ്പ് ഈ സ്ഥലത്തിന് വിളിപ്പാടകലെ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയപ്പോഴും ഇതേ പല്ലവിയായിരുന്നു മ്യൂസിയം പൊലീസിന്‍റേത്. പൊലീസിൽനിന്ന് നീതി കിട്ടുന്നില്ലെന്നും അവരിലുള്ള വിശ്വാസം നഷ്ടമായെന്നും പരാതിക്കാരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.