എസ്.എഫ്.ഐ കേരള സർവകലാശാല മാർച്ചിൽ സംഘർഷം; ഏറ്റുമുട്ടൽ
text_fieldsതിരുവനന്തപുരം: കലോത്സവം നടത്താൻ അനുമതി നൽകാത്ത വൈസ്ചാൻസലറുടെ നടപടിക്കെതിരെ എസ്.എഫ്.ഐ കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിമാറ്റിയും മതിൽക്കെട്ട് ചാടിക്കടന്നും വൈസ് ചാൻസലറുടെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. വി.സിയുടെ ഓഫിസിന് മുന്നിലേക്ക് പ്രവേശിക്കുന്ന വരാന്തയിലെ ഗേറ്റ് തള്ളിതുറക്കാനും ശ്രമമുണ്ടായി. രണ്ട് മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിൽ സമരക്കാരെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയപ്പോൾ പൊലീസ് വാൻ തടഞ്ഞും പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത സർവകലാശാല യൂനിയൻ ചെയർമാൻ അശ്വിൻ ഉൾപ്പെടെയുള്ളവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും കുത്തിയിരിക്കുകയും ചെയ്തു.
നിലവിലുള്ള യൂനിയൻ ഭരണസമിതി കഴിഞ്ഞ കലോത്സവം നടത്തിയതിനാൽ പുതിയ സമിതി രൂപവത്കരിച്ചശേഷം കലോത്സവം നടത്തിയാൽ മതിയെന്ന വി.സി ഡോ. മോഹനൻ കുന്നുമ്മലിന്‍റെ നിലപാടാണ് പ്രതിഷേധത്തിന് വഴിവെച്ചത്. കലോത്സവ നടത്തിപ്പിന് 50 ലക്ഷം രൂപ ഫണ്ട് അനുവദിക്കാനുള്ള യൂനിയൻ ആവശ്യം വി.സി തള്ളി. ഇതേത്തുടർന്ന് തിങ്കളാഴ്ച എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്ത് രാപ്പകൽ സമരം തുടങ്ങി. ഇതിന്‍റെ തുടർച്ചയായാണ് ചൊവ്വാഴ്ച സർവകലാശാല മാർച്ച് സംഘടിപ്പിച്ചത്.
യൂനിയനെ അസാധുവാക്കി; തെരഞ്ഞെടുപ്പിന് ഉത്തരവ്
തിരുവനന്തപുരം: എസ്.എഫ്.ഐ സമരത്തിനിടെ നിലവിലെ സർവകലാശാല യൂനിയൻ അസാധുവാക്കിയും തെരഞ്ഞെടുപ്പിന് ഉത്തരവിട്ടും കേരള സർവകലാശാല വൈസ് ചാൻസലർ. ഇതിന്‍റെ ഭാഗമായി സർവകലാശാല യൂനിയൻ ജനറൽ കൗൺസിൽ വി.സി പുനഃസംഘടിപ്പിച്ചു. ഫെബ്രുവരിയിൽതന്നെ യൂനിയൻ തെരഞ്ഞെടുപ്പ് നടത്താനാണ് വി.സിയുടെ ഉത്തരവ്. തെരഞ്ഞെടുക്കപ്പെട്ടുവരുന്ന പുതിയ യൂനിയൻ ഭാരവാഹികൾ യുവജനോത്സവം നടത്തിയാൽ മതിയെന്ന നിലപാടിലാണ് വി.സി.
ഒഴിപ്പിക്കാൻ ഗവർണറുടെ ഇടപെടൽ
തിരുവനന്തപുരം: സർവകലാശാല ആസ്ഥാനത്തെ സംഘർഷ ഭൂമിയാക്കിയ എസ്.എഫ്.ഐ സമരത്തിൽ ഇടപെട്ട് ലോക്ഭവൻ. വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തിയിരുന്നില്ല. സർവകലാശാല ഭരണകാര്യാലയത്തിനകത്ത് കയറിയുള്ള സമരം വി.സി ഗവർണറുടെ ശ്രദ്ധയിൽപെടുത്തി. ഇതോടെ സമരക്കാരെ മുഴുവൻ കാമ്പസിൽനിന്ന് ഒഴിപ്പിക്കാൻ ഗവർണർ ഡി.ജി.പിക്ക് നിർദേശം നൽകി.
തുടർന്നാണ് പൊലീസ് സമരക്കാരെ മാറ്റിത്തുടങ്ങിയത്. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാൻ വി.സി രജിസ്ട്രാർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

