കെ.പി. ശശികലക്ക് മറുപടിയുമായി എസ്.എഫ്.ഐ നേതാവ്; ‘സുവർണാവസര പോസ്റ്റ് ആരെ സഹായിക്കാനെന്ന് ഞങ്ങൾക്കറിയാം’
text_fieldsകോഴിക്കോട്: എം.എസ്.എഫിനെതിരായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ വിമർശനത്തെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികലക്ക് മറുപടിയുമായി പി.എസ്. സഞ്ജീവ്. മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ട് വർഗീയതക്കെതിരായ എസ്.എഫ്.ഐയുടെ പോരാട്ടത്തെ ദുർബലപ്പെടുത്താൻ പാകത്തിലുള്ള ശശികലയുടെ പോസ്റ്റ് ആരെ സഹായിക്കാനാണെന്ന് അറിയാമെന്ന് സഞ്ജീവ് എഫ്.ബി പോസ്റ്റിൽ പറയുന്നു.
ഇരു വർഗീയവാദങ്ങളും തുലയും വരെ സമരം തുടരുമെന്നും അതിൽ ഹിന്ദുത്വ വർഗീയത തന്നെയാണ് തങ്ങളുടെ ഒന്നാമത്തെ ശത്രുവെന്നും പി.എസ്. സഞ്ജീവ് വ്യക്തമാക്കി.
പട്ടിയെ വെട്ടിപ്പഠിച്ച് നാട്ടിൽ അക്രമം നടത്തുന്ന എസ്.ഡി.പി.ഐക്കാരുടെയും പോപ്പുലർ ഫ്രണ്ട്കാരുടെയും ബാക്കിപത്രമാണ് എം.എസ്.എഫ് എന്ന പി.എസ്. സഞ്ജീവിന്‍റെ വിമർശനത്തെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണച്ച് കെ.പി. ശശികല രംഗത്തെത്തിയത്. സത്യം പറയാനുള്ള ധൈര്യം സഞ്ജീവിന് വന്നല്ലോ എന്നും ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നതെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സത്യം പറയാനുള്ള ധൈര്യമൊക്കെ വന്നല്ലോ എന്നും സഞ്ജീവിനോട് ശശികല പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് എം.എസ്.എഫിനെതിരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി രൂക്ഷ വിമർശനം നടത്തിയത്. മുസ് ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ സ്വത്വ ബോധമൊന്നുമല്ല കൈകാര്യം ചെയ്യുന്നതെന്നും സഞ്ജീവ് ആരോപിച്ചു.
എം.എസ്.എഫ് ജമാഅത്തെ ഇസ് ലാമിക്കും കാമ്പസ് ഫ്രണ്ടിനും വേദിയൊരുക്കുകയാണ്. ഒന്നുമറിയാത്ത ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എം.എസ്.എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മത വർഗീയത വാദം മാത്രം കൈമുതലായിട്ടുള്ള സംഘടനയാണ് എം.എസ്.എഫ്. പി.കെ. നവാസ് ഒന്നാം നമ്പർ വർഗീയവാദിയാണ്. ഇത് ഞങ്ങൾ എവിടെയും പറയും, അതിന് നവാസിന്‍റെ ലൈസൻസ് വേണ്ട. തെറ്റായ രാഷ്ട്രീയമാണ് എം.എസ്.എഫ് കൈകാര്യം ചെയ്യുന്നത്.
ലീഗ് മാനേജ്‌മെന്റുള്ള കോളജുകളിൽ തെരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിൻപുറത്തെ അറബി കോളജുകളിലെയും യു.യു.സിമാരെ ഉപയോഗിച്ചാണ് എം.എസ്.എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ വെല്ലുവിളിക്കുന്നത്. മതേതരത്വം നിലനിൽക്കുന്ന കാമ്പസിൽ എത്തുമ്പോൾ എം.എസ്.എഫ്, യു.ഡി.എസ്.എഫ് ആകും. കെ.എസ്.യുവിനെ പൂർണമായും എം.എസ്.എഫ് വിഴുങ്ങി. എം.എസ്.എഫിനെ എസ്.ഡി.പി.ഐയും കാമ്പസ് ഫ്രണ്ടും വിഴുങ്ങി. അതിന്റെ ഭാഗമായാണ് പി.കെ. നവാസിനെ പോലുള്ള വർഗീയവാദികൾ എം.എസ്.എഫ് നേതൃത്വത്തിൽ വന്നതെന്നും സഞ്ജീവ് ആരോപിച്ചിരുന്നു.
പി.എസ്. സഞ്ജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിന്റെ തെരുവിൽ രാജവെമ്പാലയ്ക്ക് ഭീഷണിയായി മാറിയ വിശകലയുടെ ശ്രദ്ധയ്ക്ക്:
മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ട് വർഗീയതക്കെതിരെ ഞങ്ങൾ നടത്തുന്ന പോരാട്ടത്തെ ദുർബലപ്പെടിത്താൻ പാകത്തിലുള്ള 'സുവർണാവസര' പോസ്റ്റ് ആരെ സഹായിക്കാനാണെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. വർഗീയ വിപണിയിലെ കൊടുക്കൽ വാങ്ങലുകാരായ നിങ്ങൾ ഇരുവരും പ്രതിസന്ധികളിൽ പരസ്പര സഹായ സംഘങ്ങളായി തുടരുന്ന പരമ്പരാഗത രീതി ഇവിടെയും അവലംഭിച്ചിരിക്കുകയാണല്ലോ.
അതുകൊണ്ട് ഒറ്റക്കാര്യം വ്യക്തമാക്കാം.
ഇരു വർഗീയവാദങ്ങളും തുലയും വരെ സമരം തുടരും. അതിൽ നിങ്ങളുയർത്തുന്ന ഹിന്ദുത്വ വർഗീയത തന്നെയാണ് ഞങ്ങളുടെ ഒന്നാമത്തെ ശത്രു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.