ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല -എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന എസ്.എഫ്.ഐ നിലപാടില്‍ മാറ്റമില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാർഥികളുടെ അവകാശം ഹനിക്കുന്ന കേന്ദ്ര സർക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ പങ്കാളിത്തത്തില്‍ പ്രഖ്യാപന കണ്‍വെന്‍ഷനോടെ സമരപരിപാടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബര്‍ അഞ്ചിന് ബി.ടി.ആര്‍ ഭവനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആര്‍. ബിന്ദു എന്നിവര്‍ പങ്കെടുക്കും. എ.ഐ.എസ്.എഫ്, കെ.എസ്.യു പ്രതിനിധികളും കണ്‍വെന്‍ഷന്റെ ഭാഗമാകും.
ഭരണഘടനയെ ചോദ്യം ചെയ്യുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. സമഗ്രശിക്ഷ ഫണ്ട് ഉള്‍പ്പെടെയുള്ളവ കേരളത്തിന് നൽകിയിട്ടില്ല. കേന്ദ്ര സര്‍ക്കാർ നിലപാട് കാരണം കേരളത്തിലെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് നേരിടുന്നു. ഒരുലക്ഷം ഭിന്നശേഷി വിദ്യാര്‍ഥികള്‍, ഓട്ടിസ്റ്റിക് വെല്ലുവിളി നേരിടുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വിദ്യാഭ്യാസം ഹനിക്കുന്ന നിലപാടാണ് ഫണ്ട് തടഞ്ഞുവെക്കുന്നതിലൂടെ കേന്ദ്രം ചെയ്യുന്നത്. രണ്ടാംഘട്ടമായി ജില്ലകളിലെ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഒരുലക്ഷം മെയില്‍ അയക്കും. ക്യാമ്പസുകളിൽ ഇതിനായി മെയിൽ സെന്റര്‍ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

