രാഹുലിന്‍റെ രാജി ആവശ്യപ്പെടാൻ സി.പി.എമ്മിനോ ബി.ജെ.പിക്കോ എന്താണ് ധാർമികത; താൻ ബിഹാറിലേക്ക് മുങ്ങിയെന്ന വാദം ശരിയല്ല -ഷാഫി പറമ്പിൽ
text_fieldsകണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി. കോടതി വിധിയോ എഫ്.ഐ.ആറോ പരാതിയോ നൽകുന്നതിന് മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.
ആരോപണത്തിന് പിന്നാലെ രാഹുൽ രാജി സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം രാഹുലിന്‍റെ തീരുമാനം ശരിവെച്ചു. രാഹുലിന്‍റെ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ വരിനിന്ന് പ്രതികരിക്കണമെന്ന് നിർബന്ധമില്ല. രാഹുലിന്‍റെ വിഷയത്തിൽ കെ.പി.സി.സി അധ്യക്ഷൻ അടക്കമുള്ളവർ പ്രതികരിച്ചിട്ടുണ്ട്. നേതാക്കൾ പറഞ്ഞതിൽ കൂടുതൽ താൻ വിശദീകരിക്കേണ്ടതില്ല. സി.പി.എം ചെയ്യുന്നത് പോലെ രാഹുലിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ നിന്നിട്ടില്ല. രാഹുലിനെതിരെ ആരും തന്നോട് പരാതി പറഞ്ഞിട്ടില്ല.
സി.പി.എമ്മുകാർക്കെതിരെ സമാന രീതിയിൽ ആരോപണം ഉയർന്നപ്പോൾ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാറില്ല. എൽ.ഡി.എഫിലെ ഒരു എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിട്ട് കുറ്റക്കാരനെന്ന് വിധിക്കുംവരെ തുടരട്ടെ എന്ന് തീരുമാനിച്ചവർക്ക് എങ്ങനെ കോൺഗ്രസ് എം.എൽ.എയുടെ രാജി ആവശ്യപ്പെടാൻ സാധിക്കും. പോക്സോ കേസ് പ്രതിയെ പാർലമെന്‍റ് അംഗമാക്കിയ പാർട്ടിയായ ബി.ജെ.പിയുടെ പ്രവർത്തകർക്ക് എങ്ങനെ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്താൻ സാധിക്കുക.
പാലക്കാട് സമരം നടത്തിയ ഡി.വൈ.എഫ്.ഐ വടക്കോട്ട് പോയാൽ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ളവർക്കെതിരെ സമരം നടത്തേണ്ടി വരും. കോഴിക്കോട് ജില്ലയിലും ഡി.വൈ.എഫ്.ഐക്ക് സമരം നടത്തേണ്ടി വരും. ആരോപണം ഉയർന്നിട്ടും ഒരു മന്ത്രി മന്ത്രിസഭയിൽ തുടരുകയാണ്. മുന്നണിയിലെ സഹപ്രവർത്തകക്കെതിരെ ക്രൂരമായി പെരുമാറിയെന്ന പരാതിയുള്ള ആളുകളെ സി.പി.എം സംഘടനാ രംഗത്ത് മാറ്റി നിർത്തിയതായി കണ്ടില്ല. ആരോപണവിധേയരെ മാറ്റി നിർത്താത്തവർ കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ്.
ഒരു വിവാദം തെളിവോടെ പുറത്തുവന്നപ്പോൾ അസംബന്ധം എന്ന് പറഞ്ഞ് മൈക്ക് തട്ടിമാറ്റിയപ്പോഴും മാധ്യമങ്ങൾ അവിടെ ഉണ്ടായിരുന്നു. രാഹുൽ വിഷയത്തിൽ പറയേണ്ട കാര്യം കൃത്യമായി പറഞ്ഞു കഴിഞ്ഞു. കോൺഗ്രസ് സ്വീകരിച്ച നിലപാട് സമാന വിഷയത്തിൽ മറ്റൊരു പാർട്ടിക്കും എടുക്കാൻ സാധിച്ചിട്ടില്ല എന്നത് യാഥാർഥ്യമാണ്.
രാഹുലിന്‍റെ വിഷയം ഉയർത്തി ഇടത് സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ മറക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഹുലിനെതിരായ ആരോപണം ഉയർത്തി കോൺഗ്രസിനെ നിർവീര്യമാക്കാൻ സാധിക്കില്ല. സർക്കാറിനെതിരായ യു.ഡി.എഫ് ശക്തമായ പോരാട്ടം തുടരും.
ബിഹാറിലേക്ക് മുങ്ങിയെന്ന തരത്തിൽ വാർത്ത കൊടുത്ത മാധ്യമപ്രവർത്തനത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആത്മപരിശോധന നടത്തണം. ബിഹാറിലെ യാത്രയുടെ ഭാഗമാവാൻ കോൺഗ്രസ് പ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ടെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.