പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം: അധ്യാപകർക്കും ഡോക്ടർക്കും മുൻകൂർ ജാമ്യം
text_fieldsകൊച്ചി: സുൽത്താൻ ബത്തേരിയിൽ വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളായ അധ്യാപകർക്കും ഡോക്ടർക്കും മുൻകൂർ ജാമ്യം. ഗവ. സർവജന ഹൈസ്കൂൾ വിദ്യാർഥിനി ഷഹല ഷെറിൻ മരിച്ച കേസിൽ വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, അധ്യാപകൻ സി.വി. ഷജിൽ, താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയ് എന്നിവർക്കാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഇവരുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയോ പിഴവോ സംഭവിച്ചതായി ഇൗ ഘട്ടത്തിൽ പറയാനാവില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
ഷജിൽ ഷഹലയുടെ ക്ലാസ് അധ്യാപകനല്ലെന്നും സംഭവമറിഞ്ഞ് ഒാടിയെത്തിയതാണെന്നും കോടതി നിരീക്ഷിച്ചു. ഷജിലിനെയും മോഹനനെയും സസ്പെൻഡ് ചെയ്തതിനാൽ ഇവർ തെളിവു നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യുമെന്ന ആശങ്ക വേണ്ട. സസ്പെൻഷൻ കഴിഞ്ഞു തിരിച്ചെടുക്കുമ്പോൾ ഇവരെ മറ്റേതെങ്കിലും സ്കൂളിലേക്ക് നിയോഗിക്കാം. അറസ്റ്റ് ചെയ്താൽ ബോണ്ട് കെട്ടിവെക്കണമെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണം.പാമ്പുകടിയേറ്റ കുട്ടിക്ക് ആൻറിവെനം നൽകാനാവുന്ന സാഹചര്യമായിരുന്നോയെന്ന് വ്യക്തമല്ലെന്ന് ഡോ. ജിസ മെറിൻ ജോയിക്ക് ജാമ്യം അനുവദിച്ച് കോടതി നിരീക്ഷിച്ചു.
കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ ജിസയും ഒരു നഴ്സും മാത്രമാണ് ഉണ്ടായിരുന്നത്. ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി തോന്നുന്നില്ല. ചികിത്സ പിഴവ് സംബന്ധിച്ച ആരോപണങ്ങളുണ്ടായാൽ സുപ്രീംകോടതിയുടെ നിർദേശ പ്രകാരം വിദഗ്ധ സമിതിയെ നിയോഗിച്ച് തീരുമാനമെടുക്കണമെന്നുണ്ട്. ഈ നടപടിക്രമം പാലിച്ചിട്ടില്ലെന്ന ഹരജിക്കാരിയുടെ വാദവും കോടതി പരിഗണിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.