ഷഹബാസ് വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു
text_fieldsകോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ മർദനമേറ്റ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആറു വിദ്യാർഥികളെ പ്രതികളാക്കിയാണ് താമരശ്ശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന സംബന്ധിച്ച് തുടരന്വേഷണം നടക്കുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
കുറ്റാരോപിതരുടെ ജാമ്യ ഹരജിയിൽ തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കുറ്റാരോപിതർക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. മുതിർന്നവരാരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
ഷഹബാസിനെ വിദ്യാർഥികൾ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കുറ്റാരോപിതരായ വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും മൊബൈൽ ഫോണുകളിൽ നിന്നുള്ള സന്ദേശങ്ങളുമുൾപ്പെടെ വിശദ തെളിവുകൾ സഹിതമാണ് കുറ്റപത്രം തയാറാക്കിയത്. മുഹമ്മദ് ഷഹബാസിനെ ഒരുസംഘം വിദ്യാർഥികൾ ആസൂത്രിതമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വകാര്യ ട്യൂഷൻ സെന്ററിലുണ്ടായ യാത്രയയപ്പ് ചടങ്ങിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27ന് വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഷഹബാസിന് സാരമായി പരിക്കേറ്റു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിനായിരുന്നു മരണം. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ ആറുപേരും ഇപ്പോൾ വെള്ളിമാട്കുന്നിലെ ഒബ്സർവേഷൻ ഹോമിലാണ്.
കുറ്റാരോപിതരുടെ ജാമ്യഹരജിയിൽ ഹരജിക്കാരുടെയും മറ്റു കക്ഷികളുടെയും പ്രധാന വാദങ്ങൾ പൂർത്തിയായെങ്കിലും നിയമപ്രശ്നങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നേരത്തേ ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.