പൊന്നോമനയുടെ മുഖം ഒരുനോക്ക് കാണാൻ പോലും പറ്റിയില്ല -വിപഞ്ചികയുടെ മാതാവ് ഷൈലജ
text_fieldsവിപഞ്ചികയുടെ മാതാവും സഹോദരനും മാധ്യമങ്ങളുമായി സംസാരിക്കുന്നു
ദുബൈ: ‘ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തി അവസാനം എല്ലാത്തിനും ആ അമ്മ സമ്മതം മൂളുകയായിരുന്നു. കാരണം തന്‍റെ പൊന്നോമനകൾ മരണത്തിന്‍റെ കൈപ്പിടിച്ചിട്ട് പത്ത് ദിവസം പിന്നിട്ടിരിക്കുന്നു!. രണ്ട് പേരും ഫ്രീസറിന്‍റെ തണുപ്പിൽ മരവിക്കുകയാണ്. ഇനിയും എന്‍റെ പൊന്നുമക്കളുടെ മൃതദേഹങ്ങൾ വെച്ച് കളിക്കാൻ ഞങ്ങൾ തയ്യാറല്ല. കാരണം ഇതൊരു മത്സരമല്ല’.- ഷാർജയിൽ ആത്മഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പ്രതികരണം കേട്ടുനിന്ന മാധ്യമപ്രവർത്തകരിലും നൊമ്പരമുണർത്തി.
എല്ലാം ഇവിടെ അവസാനിക്കുകയാണ്. അമ്മയും മകളും ഇനി രണ്ടിടത്ത് അന്ത്യവിശ്രമം കൊള്ളും. വിപഞ്ചികയുടെ മൃതദേഹം നാട്ടിലും മകൾ വൈഭവിയുടെത് ഷാർജയിലും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ശേഷം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ഷൈലജ. മനസിന് വലിയ വിഷമമുണ്ട്. പക്ഷെ, ഇനിയും സംസ്കാരം വൈകുമെന്നതിനാലാണ് എല്ലാം സമ്മതിച്ചത്.
നിയമത്തെ ബഹുമാനിക്കുന്നു. വിപഞ്ചികയുടെ പോസ്റ്റ്പോർട്ടം പൂർത്തിയായിട്ടുണ്ട്. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസം. വൈഭവിയുടെ മുഖം ഇതുവരെ കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്നതാണ് ഏറ്റവും വലിയ വിഷമം. അവളുടെ സഹോദരൻ വിനോദ് കാനഡയിലായിരുന്നതിനാൽ അവനും അവളുടെ മുഖം ഇതുവരെ കണ്ടിട്ടില്ല.
ആരോടും ഒരു എതിർപ്പുമില്ല. കുഞ്ഞിന്‍റെ മൃതദേഹം വെച്ച് മത്സരിച്ച് ഒന്നും നേടാൻ ഇല്ല. അച്ഛന്‍റെ അവകാശങ്ങളെല്ലാം മാനിക്കുന്നു. വിപഞ്ചിയുടെ മരണം ആത്മഹത്യ തന്നെ എന്നാണ് പോസ്റ്റുമോർട്ടം റിപോർട്ട്. യു.എ.ഇ നിയമത്തിൽ പൂർണ വിശ്വാസമാണ്. ഇനി റീപോസ്റ്റ്മോർട്ടം വേണ്ട. എന്നാൽ, നാട്ടിലെ നിയമപോരാട്ടം തുടരും. അനുകമ്പയുടെ വാക്കുപോലും നിധീഷിന്‍റെ കുടുംബത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ഷൈലജ പറഞ്ഞു.
വൈഭവിയുടെ സംസ്കാരത്തിൽ പങ്കെടുക്കാൻ അനുവദിക്കാമെന്ന് നിധീഷിന്‍റെ കുടുംബങ്ങൾ അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം മകളുടെ മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നും ആ അമ്മ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.