‘പിറവി’യുടെ സ്രഷ്‌ടാവിന് വിടചൊല്ലി മലയാളം; ‘സ്‌നേഹസംഗമം’ മേയ് നാലിന്
text_fieldsതിരുവനന്തപുരം: മലയാളത്തിന്റെ പ്രശസ്‌തി വാനോളമുയർത്തിയ പ്രിയ സംവിധായകൻ ഷാജി എൻ. കരുണിന് വിടയേകി കേരളം. അഭ്രപാളികളിൽ കവിതപോലെ മനോഹരമായി ദൃശങ്ങൾ കൊണ്ട് കഥപറഞ്ഞ ചലച്ചിത്രകാരന് സാംസ്‌കാരിക, രാഷ്‌ട്രീയ കേരളം ഒന്നാകെ അന്ത്യാഞ്‌ജലി അർപ്പിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ ഷാജി എൻ. കരുണിന്റെ സംസ്‌കാരം നടന്നു.
വഴുതക്കാട് കലാഭവനിൽ രാവിലെ മുതൽ തന്നെ പ്രിയ കലാകാരനെ കാണാൻ ആളുകൾ ഒഴുകിയെത്തി. രാവിലെ 10.15ഓടെ തന്നെ പൊതുദർശനം ആരംഭിച്ചു. അദ്ദേഹം കാമറ ചലിപ്പിച്ച ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ ‘മാനേ തിങ്കൾ പോറ്റും മാനേ’ എന്ന ഗാനത്തിന്റെ സംഗീതം വളരെ ലളിതമായി ഒഴുകിക്കൊണ്ടിരുന്നു. സൗമ്യമായ ഷാജി എൻ. കരുണിന്റെ പെരുമാറ്റം പോലെ പൊതുദർശന വേദിയിലും മൗനം തുടിച്ചുനിന്നു.
സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി. ശിവൻകുട്ടി അന്തിമോപചാരം അർപ്പിച്ചു. സിനിമ, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ നിന്ന് നിരവധിപേർ തങ്ങളുടെ പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാനായി കലാഭവനിലെത്തി. തുടർന്ന് 12.30ഓടെ ഭൗതികശരീരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലേക്ക് കൊണ്ടുപോയി. അന്ത്യകർമങ്ങൾക്കുശേഷം വൈകീട്ട് അഞ്ചോടെ തൈക്കാട് ശാന്തികവാടത്തിലെത്തിച്ചു.
മന്ത്രിമാരായ സജി ചെറിയാൻ, ആർ. ബിന്ദു, വി. ശിവൻകുട്ടി, ചിഞ്ചുറാണി, കെ.ബി. ഗണേഷ്‌കുമാർ, സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ഹരിഹരൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്‌ണൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം. ഹസൻ, അടൂർ പ്രകാശ് എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എം. സ്വരാജ്, എം. വിൻസെന്റ് എം.എൽ.എ, എ. സമ്പത്ത്, മാങ്കോട് രാധാകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സംവിധായകൻ ബ്ലെസി, വി. മധുസൂദനൻനായർ, സൂര്യ കൃഷ്ണമൂർത്തി, സംവിധായകൻ മധുപാൽ, പി. ശശി, പട്ടണം റഷീദ്, ശ്രീവത്സൻ ജെ. മേനോൻ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, നിർമാതാവ് എം രഞ്ജിത്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാകേഷ്, സാഹിത്യകാരൻ സക്കറിയ, സംവിധായകൻ ടി.കെ. രാജീവ് കുമാർ, പ്രഫ. അലിയാർ, മേനക, ജലജ, ചിപ്പി, മായ വിശ്വനാഥ്, അർച്ചന, ബി. ഉണ്ണികൃഷ്ണൻ,സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ഷാജി എൻ. കരുണിനെ അനുസ്‌മരിക്കുന്നതിന് മേയ് നാലിന് രാവിലെ ഒമ്പതിന് വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിൽ ‘സ്‌നേഹസംഗമം’ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.