ഹിന്ദു ഐക്യവേദി നേതാവുമായി വേദി പങ്കിടുന്നു; പുത്തൂർമഠം സി.പി.എമ്മിൽ ആറുപേർക്ക് പരസ്യശാസന
text_fieldsപന്തീരാങ്കാവ് (കോഴിക്കോട്): ഹിന്ദു ഐക്യവേദി നേതാവുമായി നിരന്തരം വേദി പങ്കിടുന്നുവെന്ന ആരോപണത്തിൽ സി.പി.എം പുത്തൂർമഠം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലെ ആറ് അംഗങ്ങൾക്ക് പരസ്യശാസന. പുത്തൂർമഠം വെസ്റ്റ് ബ്രാഞ്ച് മുൻ സെക്രട്ടറിയും നിലവിൽ അംഗവുമായ ഷാജീസ് പുത്തൂർമഠം, ബ്രാഞ്ച് അംഗങ്ങളായ എം. നൗഷാദ്, കെ. രാധാകൃഷ്ണൻ, ഈസ്റ്റ് ബ്രാഞ്ച് അംഗങ്ങളായ ശശിധരൻ, എം.പി. സക്കറിയ, ഇല്ലത്ത് താഴം ബ്രാഞ്ച് അംഗം പി. മിനീഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി.
ശബരിമലയിലെ ശുചീകരണത്തിന് ഐ.ജി പി. വിജയന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സംഘടനയായ പുണ്യം പൂങ്കാവനത്തിന്റെ പുത്തൂർമഠം യൂനിറ്റുമായി ബന്ധപ്പെട്ടാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. മുൻ സി.പി.എം പ്രവർത്തകനായിരുന്ന ഹിന്ദു ഐക്യമുന്നണി നേതാവ് സുനിൽകുമാറാണ് പുണ്യം പൂങ്കാവനത്തിന്റെ യൂനിറ്റിന് നേതൃത്വത്തിലുള്ള ഒരാൾ. അതിന്റെ ഒരു യൂനിറ്റ് അദ്ദേഹത്തിന്റെ ജന്മനാട്ടിലും രൂപവത്കരിക്കുകയായിരുന്നു. ചിലർ രാഷ്ട്രീയനേട്ടങ്ങൾക്കായി സംഘടനയെ ഉപയോഗിക്കുന്നതായി സി.പി.എം നേതൃത്വം ആരോപണമുന്നയിച്ചിരുന്നു. തുടർന്ന് സി.പി.എം അംഗങ്ങളോട് ഇതിന്റെ പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടു. എന്നാൽ, മാസങ്ങൾക്ക് മുമ്പ് നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗമടക്കമുള്ളവർ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തത് വിവാദമായിരുന്നു. നിലവിൽ പരസ്യശാസനക്ക് വിധേയമായവർക്കും ലോക്കൽ കമ്മിറ്റി അന്ന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഹിന്ദു ഐക്യവേദി നേതാവുമായി തുടർന്നും വേദി പങ്കിട്ടതിനാലാണ് വീണ്ടും പരസ്യശാസന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.