ഷീല സണ്ണി വ്യാജ ലഹരി കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു, മരുമകളുടെ സഹോദരിയും സുഹൃത്തും പ്രതികൾ
text_fieldsഷീല സണ്ണി, ലിവിയ ജോസ്
ചാലക്കുടി: ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കാലടി സ്വദേശിനി ലിവിയ ജോസ്, തൃപ്പുണിത്തുറ എരൂർ സ്വദേശി എം.എൻ നാരായണദാസ് എന്നിവരാണ് കേസിലെ പ്രതികൾ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. എക്സൈസ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് കുറ്റപത്രം.
ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് ലിവിയയുടെ സുഹൃത്തായ നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം ലിവിയയിലേക്ക് എത്തുന്നത്.
വ്യക്തി വൈരാഗ്യമാണ് ഷീല സണ്ണിയെ കുടുക്കാന്‍ കാരണമെന്നാണ് നാരായണ ദാസിന്‍റെ മൊഴി. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ താൻ എല്‍.എസ്.ഡി സ്റ്റാംപ് വെച്ചതെന്നും ഇയാൾ മൊഴി നൽകിയിരുന്നു. തുടര്‍ന്ന്, ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ, ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു.
തുടർന്ന്, ജൂൺ 13ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് ലിവിയ പിടിയിലാവുകയായിരുന്നു. കേസിൽ റിമാൻഡിലായി 76 ദിവസം ജയിലിൽ കഴിഞ്ഞതും ലിവിയയുടെ പ്രായവും കണക്കിലെടുത്ത് കോടതി കഴിഞ്ഞയാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
2023 മാർച്ച് 27നാണ് ചാലക്കുടി പോട്ട സ്വദേശിയായ ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തു എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംഭവത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.