ശിഹാബ് തങ്ങൾ തലമുറകളിലേക്ക് കാരുണ്യത്തിന്റെ കവാടം തുറന്നു -ഇംറാൻ പ്രതാപ് ഗർഹി എം.പി
text_fieldsമലപ്പുറം: കാരുണ്യത്തിന്റെ കവാടം കാലങ്ങൾക്കായി തുറന്നുവെച്ച് മടങ്ങിയ ശിഹാബ് തങ്ങൾ തലമുറകളിലേക്ക് പകരുന്നത് നൈതിക ദർശനത്തിന്റെ ഇതിഹാസമാണെന്ന് ഉറുദു കവിയും കോൺഗ്രസ് ന്യൂനപക്ഷ സെൽ ദേശീയ ചെയർമാനുമായ ഇംറാൻ പ്രതാപ് ഗർഹി എം.പി. 13ാം വാർഷിക ഓർമദിനത്തിൽ ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ഒരുക്കിയ 'ശിഹാബ് തങ്ങളുടെ ദർശനം' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ നാനാത്വത്തിലെ ഏകത്വവും വൈവിധ്യവും തകർക്കാനൊരുങ്ങുകയാണ്. നാം നേരിടുന്ന പ്രതിസന്ധിയിൽ രാജ്യം ശിഹാബ് തങ്ങളുടെ ദർശനങ്ങളെ നെഞ്ചേറ്റുന്നുണ്ടെന്നും വരുംവർഷങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സെമിനാർ നടത്തണമെന്നും എം.പി പറഞ്ഞു.
ചീഫ് പാട്രൺ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. രാവിലെ പാണക്കാട് മസ്ജിദിലെ ഖബറിടത്തിൽ പ്രാർഥന നടത്തി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
കർണാടക കോൺഗ്രസ് നേതാവ് എൻ.എ. ഹാരിസ് എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹീം, യു.എ. ലത്തീഫ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ചെയർമാൻ എ.കെ. സൈനുദ്ദീൻ, ഡയറക്ടർ അബ്ദുല്ല വാവൂർ എന്നിവർ സംസാരിച്ചു.
വിവിധ സെഷനുകളിലായി സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ (ഫാഷിസത്തിനെതിരെ മതേതര മുന്നേറ്റം; പ്രതീക്ഷകളും ആശങ്കകളും), മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ (സത്യാനന്തര കാലത്തെ ആവിഷ്കാരം), കെ. വേണു (ഇന്ത്യൻ സാംസ്കാരിക ബഹുത്വം നേരിടുന്ന വെല്ലുവിളികൾ), കെ.എം. ഷാജി (സ്വത്വം സംസ്കാരം രാഷ്ട്രീയം) എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.