കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് ലാഭത്തിലേക്ക്
text_fieldsകൊച്ചി: ജലഗതാഗത രംഗത്തെ പൊതുമേഖല സ്ഥാപനമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് ലാഭത്തിലെത്തി. 2018-2019 സാമ്പത്തിക വർഷത്തിൽ 98 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന കോര്‍പറേഷെൻറ 2019-2020ലെ ലാഭം ഒരുകോടി രൂപയാണ്. 205 ശതമാനമാണ് വര്‍ധനവ്.
ഒറ്റവര്‍ഷംകൊണ്ട് ഇത്രയും വലിയ നേട്ടം കോര്പറേഷന് കൈവരിക്കുന്നത് ഇതാദ്യമാണെന്ന് ചെയര്‍മാനും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ വിശ്വാസ് മേത്ത പറഞ്ഞു.
കഴിഞ്ഞവര്‍ഷം 13.21 കോടിയായിരുന്ന ആകെ വരുമാനം 45 ശതമാനം വര്‍ധിച്ച് 19.17 കോടിയിലെത്തി.
ചരക്കുഗതാഗതത്തില്‍ നിന്നുള്ള വരുമാനം 4.57 കോടിയിൽ നിന്നുയർന്ന് 6.91 കോടിയിലും യാത്ര സര്‍വിസ്, വാട്ടര്‍ സ്പോര്‍ട്സ് എന്നിവയില്‍ നിന്നുള്ള വരുമാനം 3.05 കോടിയില്നിന്നുയര്ന്ന് 4.52 കോടിയിലുമെത്തി. കോര്‍പറേഷെൻറ ഉടമസ്ഥതയിലുള്ള ആഡംബര വിനോദസഞ്ചാര കപ്പലായ നെഫര്റ്റിറ്റിയില് നിന്നുള്ള വരുമാനം 69.84 ലക്ഷത്തിൽനിന്ന് 2.4 കോടിയായി.
എന്നാല്‍, മാര്‍ച്ച് മാസത്തിലുണ്ടായ അപ്രതീക്ഷിത ലോക്ഡൗണ്‍ മൂലം നെഫര്‍റ്റിറ്റിക്ക് പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാനായില്ല. അതിനു തൊട്ടുമുമ്പുള്ള മൂന്നുമാസവും ഈ കപ്പല്‍ മികച്ച വരുമാനം ലഭ്യമാക്കി.
നടപ്പ് സാമ്പത്തികവർഷം 100 കോടി രൂപയുടെ വരുമാനമാണ് കോര്പറേഷന് ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ പ്രശാന്ത് നായര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.