കപ്പലപകടം: കേരളത്തിന്റെ നഷ്ടപരിഹാര ആവശ്യം നിലനിൽക്കില്ലെന്ന് കമ്പനി
text_fieldsകൊച്ചി: കേരള തീരത്ത് എം.എസ്.സി എൽസ-3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപയുടെ നഷ്ടപരിഹാരം യാഥാർഥ്യമല്ലെന്നും ഭാവനാസൃഷ്ടിയുടെ അടിസ്ഥാനത്തിലാണെന്നും കപ്പൽ കമ്പനി ഹൈകോടതിയിൽ. അപകടമുണ്ടായത് സംസ്ഥാന സമുദ്രാതിർത്തിയിൽനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേരള സർക്കാറിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും സ്വിറ്റ്സർലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കപ്പലപകടംമൂലം കേരളത്തിന്റെ സമുദ്രാതിർത്തിയിലെ പരിസ്ഥിതിക്ക് നഷ്ടമുണ്ടായിട്ടില്ല. നഷ്ടപരിഹാരം നൽകുംവരെ കപ്പൽ അറസ്റ്റ് ചെയ്തിടാനുള്ള ഉത്തരവ് അധികാരപരിധി ലംഘിച്ചുള്ളതാണ്. മുങ്ങിയ കപ്പലിന്റെയും ഇപ്പോൾ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുന്ന എം.എസ്.സി അക്കിറ്റെറ്റാറ്റ-2 എന്ന കപ്പലിന്റെയും ഉടമകൾ വ്യത്യസ്തരാണ്. അതിനാൽ കപ്പൽ അറസ്റ്റ് ചെയ്ത ഉത്തരവ് പിൻവലിക്കണം. അന്താരാഷ്ട്ര നിയമമനുസരിച്ച് സമുദ്ര പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണവുമെല്ലാം കേന്ദ്രത്തിന്റെ അധികാരപരിധിയിലായതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അഡ്മിറാലിറ്റി സ്യൂട്ട് നിലനിൽക്കുന്നതല്ല.
സംസ്ഥാനത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള സമുദ്രഭാഗത്തെ മൽസ്യ നിരോധനം കേന്ദ്ര സർക്കാറിന്റെ അധികാരത്തിലുള്ളതാണ്. മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്ന് നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർതന്നെയാണ് ഉത്തരവാദി. സമുദ്രത്തിൽ രാസഘടകങ്ങൾ അലിഞ്ഞുചേർന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും കമ്പനി വാദിച്ചു. മറുപടി നൽകാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ ഹരജി ആഗസ്റ്റ് 21ന് പരിഗണിക്കാൻ മാറ്റി. ഇതിനിടെ, മാരിടൈം നിയമപ്രകാരം ബാധ്യത പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.എസ്.സി എൽസ-3 കപ്പലിന്റെ രജിസ്ട്രേഡ് ഉടമസ്ഥരായ എൽസ-3 മാരിടൈം ഐ.എൻ.സിയും അഡ്മിറാലിറ്റി സ്യൂട്ട് സമർപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.