ശിവസൂര്യയുടെ തിരോധാനം: കാശിയിൽ അന്വേഷിച്ചിട്ടും വിവരം ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല, ആശങ്കയോടെ വീട്ടുകാർ
text_fieldsകണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ (17) തിരോധാനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് കാശിയിൽ പോയി അന്വേഷിച്ചുവെന്നും ഇതുവരെ വിവരങ്ങളോന്നും ലഭിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. കുട്ടിയെ കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല. മൊബൈൽ ഗെയിം കളിക്കുന്ന കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് അറിയുന്നില്ല. മാതാപിതാക്കൾക്ക് വഴക്ക് പറയാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.
ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. കണ്ണൂർ യൂണിറ്റിലെ ഡിവൈ.എസ്.പി കെ. സനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല. ചൊക്ലി പൊലീസും എസ്.ഐ.ടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ പേരില് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വെച്ചിരുന്നു.
ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു. തുടർന്ന് ബംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവിൽ വാരണാസിയിലും അന്വേഷണം നടത്തി. എന്നാൽ, ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ല. ഒരിടത്തെയും സി.സി.ടി.വി ക്യാമറയിൽ 17കാരന്റെ ദൃശ്യം പതിഞ്ഞിട്ടുമില്ല. ശിവസൂര്യക്ക് ഒളിവിൽ കഴിയാൻ മറ്റാരുടേയോ സഹായം കിട്ടുന്നുണ്ടെന്ന സംശയം പൊലീസിനും വീട്ടുകാർക്കുമുണ്ടായിരുന്നു. എന്നാൽ, കാശിയിലെ അന്വേഷണത്തിലും കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നത്.
അതേസമയം, ശിവസൂര്യയെ കാണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും ഒരു തുമ്പും കിട്ടാത്തിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. ന്യൂ മാഹിയിലെത്തിയ ചെന്നിത്തല ഇവരുടെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ട് വിളിച്ച് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വെച്ച് വീട് വിട്ടിറങ്ങിയത്.
കുട്ടിക്ക് വേണ്ടി പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരച്ചിൽ നടത്തുന്നുണ്ട്. ഒരു സി.സി.ടി.വി ക്യാമറയിലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നത്. കാണാതായതിന്റെ നാൽപ്പത്തിയഞ്ചാം ദിവസമാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യവുമായി രംഗത്തെത്തിയത്. കാശിയിൽ നടത്തിയ തെരച്ചിലും ഫലം കണ്ടിരുന്നില്ല. യു.പി പൊലീസിന്റെ സഹായത്തോടെ 100ലേറെ സി.സി.ടി.വി ക്യാമറകളാണ് പരിശോധിച്ചത്. കൈയിലുള്ള പണം തീരുമ്പോൾ മകൻ തിരിച്ചുവരുമെന്ന് മാതാപിതാക്കൾ കരുതിയിരുന്നു. ശിവസൂര്യക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഇതുവരെ ഒരു സൂചനയും ലഭിച്ചിരുന്നില്ല. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ശിവസൂര്യ.

