30 ഉദ്യോഗസ്ഥർ കൈപ്പറ്റിയത് 45 ലക്ഷത്തോളം കൈക്കൂലി; തദ്ദേശസ്ഥാപനങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
text_fieldsതിരുവനന്തപുരം: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 30 ഉദ്യോഗസ്ഥർ കെട്ടിട നിർമാണാനുമതിക്കും കെട്ടിട പ്ലാനുകൾ തയാറാക്കി സമർപ്പിക്കാനുമായി പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ കൺസൾട്ടൻസി സ്ഥാപനങ്ങൾ, എൻജിനീയർമാർ, ആർക്കിടെക്ടുമാർ, കരാറുകാർ, ഏജന്റുമാർ എന്നിവരിൽനിന്നായി 45ലക്ഷത്തോളം രൂപ അനധികൃതമായി കൈപ്പറ്റിയതായി വിജിലൻസ് കണ്ടെത്തി. മുനിസിപ്പാലിറ്റി സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ ഈ ക്രമക്കേടിൽ പങ്കാളികളാണെന്നാണ് കണ്ടെത്തൽ. വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപറേഷൻ പാർപ്പിടം’ മിന്നൽ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
തൃശൂർ കുന്നകുളം മുനിസിപ്പാലിറ്റിയിലെ പരിശോധനയിൽ മുനിസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ പല ഇടനിലക്കാർ മുഖേന കരാറുകാരും ലൈസൻസികളും അയച്ചതായി സംശയിക്കുന്ന 21.50 ലക്ഷം രൂപ കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ഓൺലൈൻ ഇടപാട് വഴി ലഭിച്ചതും കൊച്ചിൻ കോർപറേഷന്റെ ഫോർട്ട്കൊച്ചി സോണൽ ഓഫിസിൽ രണ്ട് അസിസ്റ്റന്റ് എൻജിനീയർമാരും ഓവർസിയറും ബിൽഡിങ് ഇൻസ്പെക്ടറും കരാറുകാരിൽനിന്ന് 12.69 ലക്ഷം ഓൺലൈൻ വഴി കൈപ്പറ്റിയതും കണ്ടെത്തി.
തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഓവർസിയർ1.37 ലക്ഷം രൂപ കരാറുകാരിൽനിന്നും കൈപ്പറ്റിയതും, വർക്കല മുനിസിപ്പാലിറ്റിയിലെ താൽക്കാലിക ഓവർസിയർ 2.03 ലക്ഷം പല തവണയായി കൺസൾട്ടൻസി സ്ഥാപനയുടമയിൽനിന്നും അക്കൗണ്ട് മുഖേന കൈപ്പറ്റിയതും കണ്ടെത്തി. വയനാട് അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ സ്വീപ്പർ ബിൽഡിങ് കോൺട്രാക്ടറുടെ പക്കൽനിന്ന് 2.08 ലക്ഷം അക്കൗണ്ടിലൂടെ കൈപ്പറ്റി. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ സർവേയറുടെ സ്വകാര്യ വാഹനത്തിൽനിന്ന് കണക്കിൽപ്പെടാത്ത 45,000 രൂപ മിന്നൽ പരിശോധനക്കിടെ പിടിച്ചെടുത്തു.
മിക്ക തദ്ദേശ സ്ഥാപനങ്ങളിലും കെട്ടിട നിർമാണാനുമതി നൽകുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും നിർമാണം പൂർത്തിയായ കെട്ടിടങ്ങൾക്ക് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നമ്പർ അനുവദിക്കൽ, കെട്ടിട നികുതി നിർണയം, അനധികൃത നിർമ്മാണങ്ങൾ ക്യു.എ.സി. നമ്പർ അനുവദിച്ച് നികുതി ഈടാക്കൽ, നികുതി നിശ്ചയിച്ച് നൽകൽ, അനധികൃത നിർമാണങ്ങളുടെ ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വ്യാപക വീഴ്ചകൾ നിലനിൽക്കുന്നതായും വിജിലൻസ് കണ്ടെത്തി.
നിർമാണചട്ടങ്ങൾ ലംഘിച്ചുള്ള കെട്ടിട നികുതി തട്ടിപ്പിന് ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നതായും അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കെതിരെ ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ ക്രമക്കേടുകളിലും അഴിമതിയിലും തുടർപരിശോധനകൾ നടത്തി കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

