സംസ്ഥാനത്തെ ഇ.പി.എഫ്.ഒ ഓഫിസുകളിൽ ഉദ്യോഗസ്ഥക്ഷാമം
text_fieldsപാലക്കാട്: ഉദ്യോഗസ്ഥ ക്ഷാമം മൂലം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഓഫിസുകൾ പ്രതിസന്ധി നേരിടുന്നു. ആവശ്യമായതിന്റെ 30 ശതമാനം ഉദ്യോഗസ്ഥർ മാത്രമേ നിലവിൽ കേരളത്തിലെ ഇ.പി.എഫ്.ഒ ഓഫിസുകളിലുള്ളൂ. ഉദ്യോഗസ്ഥ നിയമനം കേന്ദ്രീകൃതമായതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിയമനം നടക്കുമ്പോഴും അവരിലധികവും ഇതരസംസ്ഥാനക്കാരാണ്.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കുറച്ചുകാലം ജോലിയെടുത്ത് നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങിപോവുകയാണ് പലരും. ഗസറ്റഡ് തസ്തികയായ ഗ്രൂപ് എയിലേക്കും നോൺ ഗസറ്റഡ് തസ്തികയായ ഗ്രൂപ് ബിയിലേക്കും നിയമനം നടത്തുന്നത് യു.പി.എസ്.സിയാണ്. എന്നാൽ, ക്ലറിക്കൽ തസ്തികയായ ഗ്രൂപ് സി നിയമനങ്ങൾ ഇ.പി.എഫ്.ഒ നേരിട്ടാണ് നടത്തുന്നത്. ആദ്യകാലങ്ങളിൽ ക്ലറിക്കൽ തസ്തികയിലേക്ക് റീജനൽ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തിയാണ് സ്ഥിരം നിയമനം നടത്തിയിരുന്നത്. എന്നാൽ, കുറച്ചു കാലമായി ഇത്തരം നിയമനങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിലായതാണ് ഉദ്യോഗസ്ഥ ക്ഷാമത്തിന് വഴിവെച്ചത്.
ഇതിന് പുറമെ കേരളത്തിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ ഗ്രേഡ് നാലിലോ അതിൽ താഴ്ന്ന തലത്തിലോ ഉള്ള ജീവനക്കാരുടെ നിയമനം നിലവിൽ പുറം കരാറായാണ് നടത്തുന്നത്. പുറം കരാറിൽ തന്നെ തൊഴിലാളി വിതരണ ഏജൻസികളിൽനിന്ന് ക്വട്ടേഷൻ സ്വീകരിച്ച് കുറഞ്ഞ തുകക്ക് നൽകുന്നവരുമായാണ് കരാർ ഉറപ്പിക്കുന്നത്.
സെക്യൂരിറ്റി ഗാർഡുകൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, അറ്റൻഡർമാർ എന്നിവരെല്ലാം നിയമിക്കപ്പെടുന്നത് ഏജൻസി മുഖേനയാണ്. പുറംകരാറായതിനാൽ ഇവർക്കാർക്കും ഇ.പി.എഫ്.ഒയുടെ തൊഴിലാളി അനുബന്ധ ജോലികൾ ചെയ്യാനാകില്ലെന്നതും നിലവിലുള്ളവരുടെ ജോലിഭാരം വർധിപ്പിക്കുന്നു. ക്ലീനിങ്, അറ്റകുറപ്പപണി, മറ്റ് സപ്പോർട്ട് സ്റ്റാഫ് തുടങ്ങിയവരെല്ലാം കാലങ്ങളായി പുറം കരാറുകാരാണ്. മനുഷ്യ വിഭവശേഷിയിൽ കുറവുണ്ടായിട്ടും കേരളത്തിലെ ഇ.പി.എഫ്.ഒ ഓഫിസുകൾ പ്രവർത്തനത്തിൽ മികച്ച നേട്ടം കൈവരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.